Skip to main content
ന്യൂഡല്‍ഹി

aam admi party

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി) രാജ്യവ്യാപകമായി അംഗത്വ പ്രചാരണം നടത്തും. ജനുവരി പത്ത് മുതല്‍ റിപ്പബ്ലിക് ദിനമായ 26 വരെയാണ് മേം ഭി ആം ആദ്മി (ഞാനും സാധാരണക്കാരി/രന്‍) എന്ന പ്രചാരണം നടത്തുകയെന്ന്‍ പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയുടെ അംഗത്വ ഫീസായി പത്ത് രൂപ വാങ്ങിയിരുന്നതും നിര്‍ത്തലാക്കുമെന്നും യാദവ് പറഞ്ഞു.

 

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയുടെ ആദ്യയോഗത്തിന്റെയാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാധ്യമായ 15-20 സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏകദേശം 300 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

 

പാര്‍ട്ടി പ്രകടന പത്രിക, ധനസമാഹരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി യാദവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയേയും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നതിനുള്ള സംവിധാനവും മാനദണ്ഡങ്ങളും തീരുമാനിച്ചതായി യാദവ് അറിയിച്ചു.

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 15-നകം പാര്‍ട്ടിക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷകള്‍ സംസ്ഥാന തലത്തിലുള്ള സമിതി പരിശോധിക്കും. ജനുവരി 15-നും 20-നും ഇടയില്‍ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രതീക്ഷിക്കാമെന്ന് യാദവ് അറിയിച്ചു. പ്രകടന പത്രിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.

 

ഹരിയാനയിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലും ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും യാദവ് അറിയിച്ചു. ഹരിയാന നിയമസഭയുടെ കാലാവധി 2014 നവംബറിലാണ് തീരുക. എന്നാല്‍, പൊതുതെരഞ്ഞെടുപ്പിനൊപ്പം ഹരിയാന നിയമസഭയിലേക്കും തെരഞ്ഞെടുപ്പിന് ഭരണകക്ഷിയായ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്. ഗുജറാത്തിലും മുഴുവന്‍ ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.