Skip to main content
മുസഫര്‍നഗര്‍

curfew in muzafarnagar

ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇതിനകം 12 പേര്‍ കൊല്ലപ്പെട്ടു. 40-ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്. മീററ്റ് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ ഏഴോളം പേര്‍ക്ക് പരിക്കേറ്റു.

 

അക്രമം നടന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച കാലത്ത് സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി.

 

ഏതാനും പേരെ കാണാതായിട്ടുണ്ടെന്നും അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ജില്ലാ മജിസ്ട്രേറ്റ് കൌശല്‍ രാജ് ശര്‍മ അറിയിച്ചു. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ 30 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

ജില്ലയിലെ സിവില്‍ ലൈന്‍സ്, കൊട്വാളി, നായ് മണ്ഡി എന്നീ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സൈന്യത്തെയും, സായുധ പോലീസിന്റേയും ദ്രുതകര്‍മ്മ സേനയുടേയും അഞ്ച് കമ്പനികളേയും പോലീസിന് പുറമേ വിന്യസിച്ചിട്ടുണ്ട്. അയല്‍ജില്ലയായ ഷംലിയിലെ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

 

ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്‍ ശര്‍മ അറിയിച്ചു. ഞായറാഴ്ച കാലത്ത് ജില്ലയുടെ ഗ്രാമീണ മേഖലയില്‍ രണ്ട് അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നു.

 

കവല്‍ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ ആഗസ്ത് 27-ന് കൊല്ലപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പ്രതികാരമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. പരസ്പരം കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച മഹാപഞ്ചായത്ത് കൂടനിരിക്കെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 

 

കൊല്ലപ്പെട്ടവരില്‍ ഒരു ടെലിവിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനും പോലീസ് ഫോട്ടോഗ്രാഫറും ഉള്‍പ്പെടുന്നു.

 

അക്രമസംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ് സിങ്ങ് യാദവ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് 15 ലക്ഷം രൂപയും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.