ക്രിസ്ത്യന്‍ സഭകള്‍ എല്‍.ഡി.എഫിലെ സഖ്യകക്ഷിയോ?

Glint Staff
Sunday, March 16, 2014 - 4:17pm

mathew anikuzhikattilഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്  സി.പി.ഐ.എം നേതാവ് ഡോ. തോമസ് ഐസക് അടുത്തിടെ ഒരു ടെലിവിഷൻ പ്രതികരണത്തിൽ പറയുകയുണ്ടായി, സി.പി.ഐ.എമ്മും സഭകളുമായി ഒട്ടേറെ സമാനതകളും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടേറെ മേഖലകളുമുണ്ടെന്ന്. അത് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹത്തിന്റെ പ്രതികരണത്തിൽ സൂചിപ്പിച്ചിരുന്നു. അതൊരു താത്വിക നിലപാട്. അതിനുമുൻപ് തന്നെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ തങ്ങളോടൊപ്പം നിർത്തുന്നതിനുള്ള പ്രായോഗിക നീക്കങ്ങൾ സി.പി.ഐ.എം നേതൃത്വത്തിന്റെ ഭാഗത്തുനിന്നു തുടങ്ങിയിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അത് പൂർണ്ണമായി. സഭയോടൊപ്പം ചേർന്നുകൊണ്ട് നേതൃത്വപരമായ പങ്ക് വഹിച്ച് പ്രക്ഷോഭത്തിൽ മുന്നിട്ടിറങ്ങി ആ ബന്ധം ഉറപ്പിച്ചു. സഭയും ഈ മാറ്റത്തെ വളരെ പ്രകടമായി  വെളിപ്പെടുത്തി. മാർച്ച് 15-ന് ഇടുക്കി മെത്രാനെ സന്ദര്‍ശിച്ച ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പരസ്യമായി അധിക്ഷേപിച്ചു. കൂട്ടത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയേയും നേതാക്കളേയും ഭർത്സിക്കാനും അദ്ദേഹം മറന്നില്ല. വൈദികശ്രേഷ്ഠൻ എന്നുള്ളത് പോകട്ടെ, ഒരു സാധാരാണ വ്യക്തിയുടെ മര്യാദകൾക്കു പോലും ചേർന്ന വിധമായിരുന്നില്ല തന്റെ അതിഥിയായി എത്തിയ ഒരു വ്യക്തിയെ ഇവ്വിധം ആക്ഷേപിക്കുന്നത്. തൃശ്ശൂർ രൂപതാ മെത്രാന്‍ കഴിഞ്ഞാഴ്ച പരസ്യപ്രഖ്യാപനം നടത്തി, സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല. അതേ സമയം വ്യക്തമായ നിലപാടുകളെടുക്കും. റബ്ബർ കർഷകരും ഉറക്കെപ്പറയുന്നു തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന്.

 

hammer sickle crossഇനി സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം അതിശയത്തിന്റെ വാർത്തകൾ. പുരികം മാത്രമല്ല, കണ്ണും തള്ളിയ അതിശയങ്ങൾ. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികളാണ് ഈ അതിശയത്തിനു കാരണം. തിരുവനന്തപുരത്ത് ഡോ. ബന്നറ്റ് എബ്രഹാം, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, എറണാകുളത്ത് ക്രിസ്റ്റി ഫെർണാണ്ടസ്, ചാലക്കുടിയിൽ ഇന്നസന്റ്, പത്തനംതിട്ടയിൽ പീലിപ്പോസ് തോമസ്. എല്ലാം സ്വതന്ത്രർ. അതായത് ഇടതുപക്ഷത്തിന്റെ 25 ശതമാനം സീറ്റുകൾ ഇരുപതു ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളുടെ പ്രതിനിധികൾ. ഇടതുപക്ഷം ഈ സ്ഥാനാർഥികളെ  പ്രഖ്യാപിച്ചപ്പോൾ ഏവരും അതിശയിച്ചു, ഇവർക്കെന്തുപറ്റിയെന്ന്. ഇവരൊക്കെ എങ്ങനെ ജയിക്കാൻ പോകുന്നു എന്ന ചിന്തയും പലരും പങ്കുവെച്ചു. കേരളം ഇതുവരെ കണ്ട രാഷ്ട്രീയത്തിലേയും തെരഞ്ഞെടുപ്പിലേയും ജാതി-മത പരിഗണനകൾ മാത്രം ശീലിച്ചതിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. അവിടെയാണ് വളരെ ആസൂത്രിതവും വ്യക്തവുമായ രാഷ്ട്രീയ-മത കൂട്ടുകെട്ടിന്റെ കൃത്യത കാണാൻ കഴിയുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മതവുമായി ഒരു രാഷ്ട്രീയ കക്ഷി ഇവ്വിധം വോട്ടിനുവേണ്ടി ജനസംഖ്യാനുപാതികമെന്നോണം സീറ്റുകൾ നൽകി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെടുന്നത്.

 

ഇടതുപക്ഷം സ്വതന്ത്രരെ ഇതിനു മുൻപും നിർത്തി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ നിർത്തപ്പെട്ടവർക്ക് എന്തെങ്കിലും സാമൂഹിക, സാംസ്കാരിക പ്രത്യേകതകൾ ഉയർത്തിക്കാട്ടാനുണ്ടായിരുന്നു. അത്തരക്കാരെ നിർത്തുന്നതു തന്നെ  അതുയർത്തിക്കാട്ടി തങ്ങളുടെ സമീപനത്തിന് മുഖ്യധാരയുടെ മറ്റുള്ളിടങ്ങളിൽ നിന്നുകൂടി  വോട്ട് നേടാനായിരുന്നു. ഇക്കുറി നിർത്തിയിരിക്കുന്നവരെ പരിശോധിച്ചാൽ അപ്പോഴത്തേയും ഇപ്പോഴത്തേയും വ്യത്യാസം കാണാൻ കഴിയും. കേരളത്തിലെ ഈ ആദ്യപരീക്ഷണം വിജയിക്കുകയാണെങ്കിൽ കേരളത്തിൽ പതിനഞ്ചിലധികം സീറ്റുകളിൽ ഇടതുപക്ഷം  വിജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സഭാനേതൃത്വങ്ങളെ സംബന്ധിച്ചിടത്തോളം ഇനി സഭാനടപടികളിലൂടെ ഒന്നുകൂടി വോട്ട് ഉറപ്പിക്കേണ്ട ആവശ്യമേ ഉള്ളു. പരസ്യമായി ഇതിനകം സംശയലേശമന്യേ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

 

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ സി.പി.ഐ.എമ്മും സഭാനേതൃത്വവും പലയിടത്തും ഒന്നിച്ചു നടത്തിയ പ്രക്ഷോഭത്തിൽ പ്രകടമായതും സി.പി.ഐ.എം സമരശൈലിയാണ്. താമരശ്ശേരിയിൽ വൈദികർ പോലും സി.പി.ഐ.എം സമരശൈലിയിൽ  പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി പങ്കെടുക്കുന്ന കാഴ്ചയും കാണുകയുണ്ടായി. അച്യുതാനന്ദൻ-പിണറായി വിഭാഗീയ പ്രശ്‌നങ്ങളിൽ  ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളിലും സഹയാത്രികരിലും പോലും അത്ഭുതവും ആശ്ചര്യവും ഉളവാക്കുന്നതായിപ്പോയി കസ്തൂരിരംഗൻ റിപ്പോർട്ടിൽ സഭയോടൊപ്പം  അതിനേക്കാൾ വാശിയിൽ സി.പി.ഐ.എം ചേർന്നത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുകയും രാഷ്ട്രീയപ്പാർട്ടികൾ അവരുടെ താൽപ്പര്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നത് പുതുമയല്ല. കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയെ നിയന്ത്രിക്കുന്നതിൽ പോലും അതിനു കഴിഞ്ഞിരുന്നു. അപ്പോഴും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ജനസംഖ്യാനുപാതമനുസരിച്ച് ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ച് വോട്ട്‌ വ്യാപാരം നടത്തിയതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.

Tags: