Skip to main content

ലോക രാഷ്ട്രീയം ഇപ്പോള്‍ ഒരു യുദ്ധത്തിന്റെ മുനമ്പിലാണ്. രണ്ടു വര്‍ഷത്തിലധികമായി ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ ആഗസ്ത് 21-ന് നടന്ന രാസായുധ ആക്രമണമാണ് പാശ്ചാത്യ ശക്തികളേയും ഗള്‍ഫ് രാഷ്ട്രങ്ങളേയും പ്രകോപിച്ചിരിക്കുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ അനുകൂലിക്കുന്ന ഔദ്യോഗിക സൈന്യം വിമതര്‍ക്ക് നേരെയാണ് ഈ ആക്രമണം നടത്തിയത് എന്നാണ് ഈ രാജ്യങ്ങളുടെ വാദം. റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല. സിറിയക്ക് മേല്‍ സൈനിക നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം ബ്രിട്ടിഷ് പാര്‍ലിമെന്റ് തള്ളിയതോടെ കീഴ്വഴക്കത്തിന് വിരുദ്ധമായി സൈനിക നടപടിക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. എന്നാല്‍, റഷ്യയുടെ സക്രിയമായ ഇടപെടല്‍ യു.എസ് നീക്കങ്ങളെ തല്‍ക്കാലത്തേക്ക് തടയുകയാണ്.

 

രാസായുധ ആക്രമണം എന്ന സമസ്യ

 

സിറിയന്‍ തലസ്ഥാനമായ ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ആഗസ്ത് 21-ന് രാസായുധ ആക്രമണം നടന്നത്. 350-ല്‍ അധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്വതന്ത്ര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയുടെ പരിശോധകര്‍ ഇവിടെ നിന്ന്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, രാസായുധ ആക്രമണം നടന്നോ എന്നതുമാത്രമാണ് ഐക്യരാഷ്ട്രസഭ പരിശോധിക്കുക. പരീക്ഷണ ഫലം പുറത്ത് വരാന്‍ ഇനിയും സമയമെടുക്കും. ഈ ഫലം അറിയാതെ അനന്തര നടപടികള്‍ കൈക്കൊള്ളരുതെന്നാണ് കൂടുതല്‍ രാഷ്ട്രങ്ങളുടേയും നിലപാട്. അതേസമയം, ആക്രമണം നടത്തിയത് അസാദിന്റെ സേനയാണെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് തുടക്കത്തില്‍ ശക്തമായി വാദിച്ചിരുന്ന യു.എസ് അവ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ വൈറ്റ്‌ഹൌസ്‌ ചീഫ് ഓഫ് സ്റ്റാഫ് ഡെന്നിസ് മക്ഡണഫ് പറഞ്ഞത് രാസായുധ ആക്രമണത്തെ അസാദുമായി ബന്ധിപ്പിക്കുന്ന ‘സംശയാതീതവും തള്ളിക്കളയാനാവാത്തതുമായ’ തെളിവുകള്‍ ഇല്ല എന്നാണ്.

 

അതേസമയം, ആക്രമണത്തിന് പിന്നില്‍ വിമതരാണെന്നതിന്റെ ശക്തമായ സൂചനകളും പല സ്രോതസ്സുകളില്‍ നിന്നായി പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള  അലെപ്പോയില്‍ വിമതര്‍ കഴിഞ്ഞ ജൂലൈയില്‍ രാസായുധ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ റഷ്യ ഐക്യരാഷ്ട്രസഭക്ക് കൈമാറിയിട്ടുണ്ട്. സമാനമായ ആക്രമണമാണ് ആഗസ്ത് 21-നും നടന്നതെന്ന് റഷ്യ പറയുന്നു. വിമതരുടെ തടവില്‍ നിന്ന്‍ സ്വതന്ത്രരായ ബെല്‍ജിയന്‍ അധ്യാപകന്‍ പിയറി പിക്കിനിന്‍ വിമതര്‍ രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച സംഭാഷണങ്ങള്‍ കേട്ടതായി വെളിപ്പെടുത്തുന്നു. സ്വതന്ത്ര മാധ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് സൗദി അറേബ്യ വിമതര്‍ക്ക് കൈമാറിയ രാസായുധമാണ് പ്രയോഗിച്ചിരിക്കുന്നത് എന്നാണ്. യു.എസ്സിന്റെ സമീപകാല ചരിത്രവും അവര്‍ക്കെതിരെയാണ്. 2003-ല്‍ ഇറാഖ് അധിനിവേശത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കാന്‍ സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടെന്നായിരുന്നു അന്ന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രധാനവാദം. വിദേശകാര്യ സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ രക്ഷാസമിതിയില്‍ തന്നെ ഇതിന് ‘തെളിവ്’ പ്രദര്‍ശിപ്പിച്ചെങ്കിലും ആരോപണം പിന്നീട് വ്യാജമാണെന്ന് തെളിയുകയായിരുന്നു.

 

അന്താരാഷ്ട്ര നിയമം ആര്‍ക്കുവേണ്ടി?

 

ഇത്തവണ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനായുള്ള ശ്രമം യു.എസ് തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിസ്ഥാനപരമായ സ്വഭാവം അരാജകത്വത്തിന്റെയാണ്. ഓരോ രാജ്യത്തിന്റേയും പരമാധികാരം ആഭ്യന്തരമെന്നത് പോലെതന്നെ ബാഹ്യവുമാണ്. കുറച്ചുകൂടി വ്യക്തമായ ഭാഷയില്‍ പറഞ്ഞാല്‍ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുമെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ഓരോ രാജ്യത്തിനും ഉണ്ട്. രണ്ട് ലോകമഹാ യുദ്ധങ്ങള്‍ക്ക് വഴിതെളിച്ച ഇത്തരമൊരു അവസ്ഥയെ നിയന്ത്രിക്കാനുള്ള പരിശ്രമമാണ് ഐക്യരാഷ്ട്രസഭ. എല്ലാ അംഗരാജ്യങ്ങളും ഒപ്പുവെച്ച യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം സ്വയം പ്രതിരോധത്തിനല്ലാതെ രാജ്യങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ പ്രസ്തുത രാജ്യത്തെ ‘അക്രമി’യായി പരിഗണിച്ച് യു.എന്‍ നേതൃത്വത്തില്‍ കൂട്ടായ സൈനിക നടപടിക്കും ചാര്‍ട്ടര്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന് പക്ഷെ രക്ഷാസമിതിയുടെ അംഗീകാരം വേണം. അതുപോലെ, ഒരു ഭരണകൂടം രാജ്യത്ത് വംശഹത്യ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും ഇതേപോലെ രക്ഷാസമിതിക്ക് കൂട്ടായ സൈനിക നടപടിക്ക് അംഗീകാരം  നല്‍കാം.

 

ചുരുക്കത്തില്‍, സിറിയയിലെ ആഭ്യന്തര കലാപത്തില്‍ അന്താരാഷ്ട്ര ഇടപെടലിന് സാധ്യത നല്‍കുന്നത് രാസായുധ ആക്രമണമാണ്. എന്നാല്‍, ആക്രമണത്തെ അസാദ് ഭരണകൂടവുമായി ബന്ധിപ്പിക്കാന്‍ യു.എസ്സിന് സാധിച്ചിട്ടില്ല. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങളില്‍ റഷ്യയും ചൈനയും സിറിയയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയെ തുടര്‍ച്ചയായി എതിര്‍ക്കുന്നത് കൊണ്ടുകൂടിയാണ് യു.എന്‍ വഴിയുള്ള സൈനിക നടപടി എന്ന ആശയം യു.എസ് ഉപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, സൈനിക നടപടി എന്ന ആശയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയിലാണ് 2003-ല്‍ യു.എസ് ഇറാഖിനെതിരെ ഐക്യരാഷ്ട്രസഭയെ മറികടന്ന് സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ 2001-ലും കുവൈറ്റിനെ സദ്ദാം ഹുസൈന്‍ ആക്രമിച്ചപ്പോള്‍ ഇറാഖിനെതിരെ 1991-ലും ഐക്യരാഷ്ട്രസഭയുടെ അനുമതി നേടിയാണ് യു.എസ് സഖ്യം സൈനിക നടപടിയുമായി മുന്നോട്ടുപോയത്. അതായത്, തങ്ങള്‍ക്ക് അനുകൂലമായ അവസരത്തില്‍ ഐക്യരാഷ്ട്രസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും അല്ലാതെ വരുമ്പോള്‍ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രവണതയാണ് യു.എസ് സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നത്. ലോകക്രമത്തില്‍ ഇതിന്റെ അനുരണനങ്ങള്‍ ആശാസ്യമായിരിക്കില്ല.

 

അന്താരാഷ്ട്ര സമൂഹം പൊതുവേ യു.എസ് സൈനിക നടപടിയെ അനുകൂലിക്കുന്നില്ല. ഈയിടെ റഷ്യയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഈ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസം പുറത്ത് കൊണ്ടുവന്നു. ബ്രിക്സ് കൂട്ടായ്മയിലെ രാഷ്ട്രങ്ങള്‍ സൈനിക നടപടി പാടില്ലെന്ന് ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ അസാദിനെതിരെ ‘വ്യക്തവും ശക്ത’വുമായ നടപടി വേണമെന്ന നിലപാടെടുത്തെങ്കിലും സൈനിക നടപടിയെ തുറന്നു പിന്തുണക്കാന്‍ വിസമ്മതിച്ചു.

 

സങ്കീര്‍ണ്ണമായ പശ്ചിമേഷ്യന്‍ സാഹചര്യം

 

രണ്ടും രണ്ടും ചേര്‍ന്നാല്‍ ഒരിക്കലും നാല് കിട്ടാത്ത രാഷ്ട്രീയമാണ് പശ്ചിമേഷ്യയിലേത്. സിറിയയിലെ അസാദും ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡും പരസ്പരം എതിര്‍ക്കുന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈ രണ്ടുകൂട്ടരെയും എതിര്‍ക്കുന്നു. തുര്‍ക്കി സിറിയയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം അസാദിനെ എതിര്‍ക്കുന്നു. എന്നാല്‍, ഈജിപ്തില്‍ ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു. ഇറാന്‍ അസാദിനെ പിന്തുണയ്ക്കുന്നു. അതേസമയം, പലസ്തീനിലെ ഹമാസ് വഴി ബ്രദര്‍ഹുഡുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, പുറമേ കാണുന്ന ഈ ബന്ധങ്ങള്‍ക്ക് മുകളില്‍ രണ്ട് ഘടകങ്ങളാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നത്. യു.എസ് താല്‍പ്പര്യങ്ങളും  ഇസ്ലാം മതത്തിലെ സുന്നി-ഷിയാ വിഭജനവും.

 

മേഖലയിലെ യു.എസ് താല്‍പ്പര്യങ്ങള്‍ ഇസ്രായേലിനും എണ്ണയ്ക്കും ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്നു. എണ്ണസമ്പന്നമായ ഗള്‍ഫ് മേഖലയിലെ രാജാധിപത്യങ്ങള്‍ക്ക് തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യു.എസ് ബന്ധം അനിവാര്യമാണ്. അതുകൊണ്ടുതന്നെ പലസ്തീന്‍ പ്രശ്നത്തില്‍ ഈ രാഷ്ട്രങ്ങളുടെ മുഖമുദ്ര മൗനമാണ്. ഇസ്രയേലിനെതിരെ നിലപാടെടുക്കുന്ന മറ്റ് പ്രമുഖ ശക്തികളെ അസ്ഥിരപ്പെടുത്തുകയോ ദുര്‍ബലമാക്കുകയോ എന്നത് യു.എസ് താല്‍പ്പര്യമായി മാറുന്നു. അല്ലെങ്കില്‍ വാഷിങ്ങ്ടണില്‍ ശക്തമായ സ്വാധീനമുള്ള ജൂതലോബിയുടെ താല്‍പ്പര്യമായി മാറുന്നു എന്നും പറയാം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തോടെ ഇന്ന്‍ യു.എസ് താല്‍പ്പര്യങ്ങളെ പിന്‍പറ്റാത്ത മേഖലയിലെ ഒരേയൊരു ശക്തി ഇറാന്‍ മാത്രമാണ്. സിറിയയില്‍ നിന്ന്‍ അസാദിനെ മാറ്റിയാല്‍ മേഖലയില്‍ ലെബനനിലെ ഹിസ്‌ബൊള്ള മാത്രമായിരിക്കും മേഖലയില്‍ ഇറാന് അവശേഷിക്കുന്നതും പലസ്തീന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നതുമായ ഏക സഖ്യകക്ഷി. ഇസ്രയേല്‍ സേനയുടെ ആക്രമണങ്ങളെ അതിജീവിക്കാന്‍ ഹിസ്‌ബൊള്ളക്ക് കഴിയുന്നതും ഇറാന്റെ പിന്‍ബലം കൊണ്ടുകൂടിയാണ്. സിറിയയില്‍ സൈനികമായി പരിമിതമായ രീതിയിലുള്ള ‘ശിക്ഷാ’ നടപടിയായിരിക്കും യു.എസ് നടത്തുക എന്ന് ബരാക് ഒബാമ പറയുമ്പോഴും ഭരണമാറ്റം തന്നെയാണ് യു.എസ് ഉദ്ദേശിക്കുന്നത് എന്ന് നിരീക്ഷകര്‍ കരുതുന്നത് അതുകൊണ്ടാണ്.

 

ഈജിപ്തില്‍ ഇസ്രയേല്‍ അനുകൂല പട്ടാള ഭരണാധികാരിയായിരുന്ന ഹോസ്നി മുബാറക്കിന്റെ പതനം യു.എസിനെ പോലെ തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളെയും ഉലച്ചിട്ടുണ്ട്. ടുണീഷ്യക്കും ഈജിപ്തിനും പിന്നാലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത് ബഹറിനില്‍ ആയിരുന്നു. ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഇവിടെ ഭരിക്കുന്ന സുന്നി രാജകുടുംബത്തെ നിലനിര്‍ത്തുന്നതിനായി സുന്നി ഭൂരിപക്ഷ സൗദി അറേബ്യ സേനയെ അയച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍, സിറിയയില്‍ ഇതിന് നേര്‍വിപരീതമായ സാഹചര്യമാണ്. അസാദ് ഷിയാ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പ്പെടുമ്പോള്‍ സിറിയയിലെ ഭൂരിപക്ഷം സുന്നി വിഭാഗക്കാരാണ്. ഷിയാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മറ്റൊരു ശക്തിയായ ഇറാഖില്‍ 2006-ല്‍ ആരംഭിച്ച വിഭാഗീയ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അങ്ങനെ, ഇസ്ലാമിലെ വിഭാഗീയ താന്‍പോരിമയിലും സുന്നി ഭൂരിപക്ഷ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രധാന വെല്ലുവിളിയും ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനാണ്. സിറിയക്കെതിരെ യു.എസ് സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍  അതിന്റെ മുഴുവന്‍ ചിലവും തങ്ങള്‍ വഹിക്കാമെന്ന വാഗ്ദാനം നല്‍കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നതും ഇതാണ്.

 

ചുരുക്കത്തില്‍, മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. ഇത് നമ്മെ തുസിഡിഡീസിന്റെ പെലോപൊണീഷ്യന്‍ യുദ്ധചരിത്രം  ഓര്‍മിപ്പിക്കുന്നു. അഥീനയുടെ വര്‍ദ്ധിക്കുന്ന ശക്തി സ്പാര്‍ട്ടയില്‍ ജനിപ്പിച്ച ഭീതിയാണ് ഗ്രീക്ക് നഗരരാഷ്ട്രങ്ങള്‍ തമ്മില്‍ ബി.സി.ഇ അഞ്ചാം നൂറ്റാണ്ടില്‍ നടന്ന ആ യുദ്ധത്തിന് കാരണമായതെന്ന് അന്ന് ചരിത്രകാരന്‍ വിവരിച്ചു. ഇന്നും യുദ്ധങ്ങള്‍ക്ക് കാരണമായി തീരുന്നത് മറ്റൊന്നല്ല. പേരുകള്‍ മാത്രം മാറുന്നു.

 

റഷ്യയുടെ തിരിച്ചുവരവ്

 

സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം എന്നത് വ്യക്തമാണെങ്കിലും ഈ കളിയില്‍ ഇപ്പോള്‍ ഇറാന് കാര്യമായ പങ്കൊന്നുമില്ല. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ആദ്യമായി റഷ്യ പശ്ചിമേഷ്യയില്‍ സക്രിയമായ ഒരു ഇടപെടലിന് തയ്യാറായപ്പോള്‍ യു.എസ് നീക്കങ്ങള്‍ ദുര്‍ഗമമാകുകയാണ്. യു.എസിന് തുല്യമായ ശക്തിയാണ് തങ്ങളെന്ന സന്ദേശം റഷ്യന്‍ ജനതക്ക് നല്‍കാന്‍ ലഭിക്കുന്ന ഒരവസരവും സോവിയറ്റ് രഹസ്യപ്പോലീസ് കെ.ജി.ബിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇന്നത്തെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നഷ്ടപ്പെടുത്താറില്ല. യു.എസ് അനുകൂല അയല്‍രാഷ്ട്രമായ ജോര്‍ജിയയില്‍ 2008-ല്‍ നടത്തിയ സൈനിക നടപടിയും യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് കഴിഞ്ഞ മാസം അഭയം നല്‍കിയതും ഇങ്ങനെയുള്ള രണ്ട് അവസരങ്ങളായിരുന്നു. സ്വന്തം ശക്തിയേക്കാളേറെ യു.എസിന്റെ ദൌര്‍ബല്യങ്ങളാണ് റഷ്യയെ രണ്ട് സന്ദര്‍ഭങ്ങളിലും സഹായിച്ചത്. എന്നാല്‍, ജോര്‍ജിയ പോലെയോ സ്നോഡന് സംഭവം പോലെയോ നേരിട്ട് റഷ്യയെ ബാധിക്കുന്നതല്ല, സിറിയന്‍ പ്രശ്നം. അതേസമയം, റഷ്യയുടെ ഒരേയൊരു വിദേശ നാവികത്താവളം സ്ഥിതി ചെയ്യുന്നത് മെഡിറ്ററെനിയന്‍ കടലില്‍ സിറിയയിലെ ടാര്‍ടസ് തുറമുഖത്താണ്. പ്രകൃതിവാതക ശേഖരത്താല്‍ സമ്പന്നമായ ഇറാനില്‍ റഷ്യയ്ക്ക് സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ട്. അതായത് താല്‍ക്കാലികമായെങ്കിലും യു.എസ്സിനെ സിറിയയെ ആക്രമിക്കുന്നതില്‍ നിന്ന്‍ തടയുമ്പോള്‍ അത് ആഭ്യന്തരമായി പുടിനെ ശക്തിപ്പെടുത്തുകയും പശ്ചിമേഷ്യയിലെ റഷ്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഒപ്പം, നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കുന്നത് വഴി യു.സിന്റെ സൈനിക ശക്തിയെ നേരിടാതെ മറികടക്കുകയും ചെയ്യുന്നു.

 

 

ഇല്ലാതായ ധാര്‍മിക രാഷ്ട്രീയ ശക്തി

 

എന്നാല്‍, ശീതയുദ്ധാനന്തര ലോകത്ത് ഇല്ലാതായ ധാര്‍മികമായ രാഷ്ട്രീയ ശക്തികളുടെ അഭാവം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്ന സമയം കൂടിയാണിത്. തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക-സൈനിക ശക്തിക്കുപരിയായി ധാര്‍മിക അധികാരം രാഷ്ട്രീയത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വം ഇന്ന്‍ കുറ്റിയറ്റിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു പങ്ക് ലോകരാഷ്ട്രീയത്തില്‍ ഇന്ത്യ നിര്‍വഹിച്ചിരുന്നു. ചേരീചേരാ നയവും അതിനനുസൃതമായ സ്വതന്ത്ര നിലപാടുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യ അന്ന്‍ നയതീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇന്ന്‍ സിറിയയിലെ സൈനിക നടപടി എണ്ണവില ഉയര്‍ത്തിയേക്കാം എന്നുള്ളതാണ് ഇന്ത്യയുടെ പ്രാഥമിക പരിഗണന. അതായത് യുദ്ധം തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമല്ല എന്നതുതന്നെ. ഇവിടെ യു.എസ്സും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളും തമ്മില്‍ ഗുണപരമായ ഒരു വ്യത്യാസമില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, യു.എസ് സഖ്യത്തിലുള്ള രാജ്യങ്ങള്‍ യുദ്ധത്തിന് ഒരുങ്ങുന്നതിന്റെയും റഷ്യയടക്കമുള്ള  രാജ്യങ്ങള്‍ അതിനെ എതിര്‍ക്കുന്നതിന്റേയും പിന്നിലുള്ള കാരണം ഒന്നുതന്നെ. അവരവരുടെ ദേശീയ താല്‍പ്പര്യം.

 

ഇത് തിരിച്ചറിയുന്നത് കൊണ്ടുതന്നെയാണ് അന്താരാഷ്ട്ര സമൂഹത്തില്‍ ഉയരുന്ന എതിര്‍പ്പുകളെ അവഗണിക്കാന്‍ യു.എസ്സിന് കഴിയുന്നത്. രാജ്യങ്ങള്‍ ദേശീയ താല്‍പ്പര്യം മാറ്റിവെക്കണം എന്നല്ല ഇവിടെ വിവക്ഷ. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടും മാനവിക ആദര്‍ശങ്ങളെ പിന്‍പറ്റിക്കൊണ്ടും ദേശീയ താല്‍പ്പര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ലോകനേതാക്കള്‍ക്ക് കഴിയണം. സിറിയയില്‍ സൈനിക നടപടി ‘നിഷ്ഫലമായ ഉദ്യമ’മായിരിക്കുമെന്ന  ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എത്ര അഭിനന്ദനീയമാണെങ്കിലും പരിമിതമായിപ്പോകുന്നത് ഇവിടെയാണ്‌. വത്തിക്കാന്‍ സാങ്കേതികമായി മാത്രം ഒരു രാഷ്ട്രമാണ്. ലോക രാഷ്ട്രീയ നേതൃത്വം ധാര്‍മികതയില്‍ ഊന്നിയ നിലപാടുകള്‍ രൂപീകരിക്കാന്‍ തയാറാകേണ്ടിയിരിക്കുന്നു. കാരണം രാഷ്ട്രീയ ധാര്‍മികത കൊണ്ടുമാത്രമേ ദേശീയ താല്‍പ്പര്യങ്ങള്‍ സൃഷ്ടിക്കുന്ന ദുര്‍വൃത്തങ്ങളില്‍ നിന്ന്‍ മാനവരാശിക്ക് പുറത്തുകടക്കാനാവൂ.