2017 ജനുവരി ആദ്യവാരത്തിലൊരു ദിവസം. ഉച്ചസമയം. കൊച്ചി കാക്കനാട് പ്രത്യേക വ്യവസായ മേഖലയ്ക്ക് വടക്കു വശം സീ പോർട്ട് എയർ പോർട്ട് റോഡിൽ കരിക്കു കച്ചവടക്കാരൻ രാധാകൃഷ്ണന്റെ പന്തലിന്റെ എതിർ വശത്തു നിന്ന് വാഹനങ്ങളുടെ ശബ്ദത്തെ കടത്തിവെട്ടിക്കൊണ്ട് ഒരലർച്ച. സ്ത്രീശബ്ദമാണ്. ഒട്ടിക്കിടക്കുന്ന ജീൻസും കറുപ്പു വരയൻ ടീഷർട്ടും ധരിച്ച, മുടി സ്‌ട്രെയിറ്റൻ ചെയ്ത യുവതിയുടേതാണ് ശബ്ദം. പിന്നീട് ആംഗലേയത്തിലുള്ള അമിട്ടുകളും. ഏവരും റോഡിന്റെ എതിർവശത്തേക്കു നോക്കി. ചിലർ കാറുകൾ പതുക്കെയാക്കി. അവരുടെ കൂടെ അവരുടെ ഭർത്താവുമുണ്ട്. അവർ കാക്കനാട് ദിശയിലേക്ക് നടക്കുകയാണ്. ഇതിനിടെ യുവതി തിരിഞ്ഞു നിന്നുകൊണ്ട് ഭർത്താവിന്റെ വയറ്റത്തിട്ട് ഗംഭീരൻ ഒരിടി. അയാൾ കുറച്ചു നേരത്തേക്ക് സ്തബ്ധനായി നിന്നു പോയി. അടിവയറിലാണ് ഇടിയേറ്റതെന്നു തോന്നുന്നു.
രാധാകൃഷ്ണൻ മാത്രം അതിലേക്കു ശ്രദ്ധിച്ചില്ല. അയാൾ കരിക്ക് വെട്ടു തുടർന്നു. കരിക്കു കുടിക്കുവാൻ നിന്നവരുടെ ആകാംക്ഷ കണ്ട് ആ ‘കലാപരിപാടി’ സ്ഥിരമുള്ളതാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഒരിക്കൽ തന്റെ കരിക്ക് പന്തലിന് താഴെയുള്ള ഇടവഴിയിലെ ഒരു ഗോഡൗണിന്റെ വരാന്തയിൽ വച്ച് ഇവർ രണ്ടു പേരും കൂടി ഉഗ്രൻ ഇടിയായിരുന്നുവത്രെ. അന്ന് ഭർത്താവ് അയാളുടെ കൈയ്യിലുണ്ടായിരുന്ന കട്ടിയുള്ള ബാഗുവച്ച് ഭാര്യയെ അടിച്ചു. അടികൊണ്ട് അവർ തറയിൽ വീണു. അവിടെ നിന്നെഴുന്നേറ്റു വന്ന അവർ പാറക്കഷണമെടുത്തുകൊണ്ട് അയാളെ ഇടിക്കാനോടിച്ചത്രെ. എന്നിട്ട് വീണ്ടും രണ്ടും പേരും തമ്മിൽ വഴിയില് കിടന്ന് പൊരിഞ്ഞ ഇടിയായിരുന്നു. ഒടുവിൽ രാധാകൃഷ്ണൻ പോലീസിൽ വിവരമറിയിച്ചു. പോലീസു വന്ന് രണ്ടു പേരേയും കാക്കനാട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
പോലീസെത്തിയപ്പോൾ പോലീസിനെ വിവരമറിയിച്ചതിന്റെ പേരിൽ തന്റെയടുത്ത് ആ യുവതി കയർത്തു സംസാരിച്ചുവെന്നും രാധാകൃഷ്ണൻ പറയുന്നു. പോലീസ് വാഹനത്തിൽ കയറാൻ നേരം ഇയ്യാളെ എനിക്കറിയാം എന്ന് മലയാളത്തിൽ പറഞ്ഞിട്ടാണ് കയറിയതെങ്കിലും വഴക്കടിക്കുമ്പോൾ അവർ ഇംഗ്ലീഷും ഹിന്ദിയുമാണുപയോഗിക്കുന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു.
ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കുമെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. എന്തു തന്നെയായാലും വിദ്യാഭ്യാസമുണ്ടെന്ന് കാഴ്ചയിൽ തോന്നും. പോരാത്തതിന് സംഭാഷണം ആംഗലേയത്തിലും. രണ്ടു പേരുടേയും വിശേഷിച്ചും ആ യുവതിയുടെ തെരുവിലുള്ള പ്രകടനത്തെ കുറിച്ചാണ് അവിടെ കൂടി നിന്നവരിൽ കൂടുതൽ പേരും അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. പൊതു നിരത്തായതുകൊണ്ടായിരിക്കാം അവരുടെ ഭർത്താവ് ആഞ്ഞുള്ള ഇടി കൊണ്ടിട്ടും തിരിച്ചു തല്ലാൻ നില്‍ക്കാഞ്ഞത്. ഒരുപക്ഷേ തന്റെ ഭർത്താവ് തിരിച്ചു തല്ലാതിരിക്കുമെന്നുറപ്പുള്ള സ്ഥലം ആ യുവതി തിരഞ്ഞെടുത്തതുമാകാം. കാരണം മൽപ്പിടുത്തത്തിൽ അയാളെ തോൽപ്പിക്കാൻ ആ യുവതിക്ക് പ്രത്യക്ഷത്തിൽ ബുദ്ധിമുട്ടാണ്.
രാധാകൃഷ്ണന്റെ അടുത്ത കമന്റാണ് അവിടെ കരിക്ക് കുടിക്കാൻ കൂടിനിന്നവരുടെ പ്രതികരണം ചിരിയിലൊതുക്കിയത്. ഈ പഠിപ്പും പത്രാസ്സുമൊക്കെയുണ്ടായിട്ട് എന്തു പ്രയോജനം എന്നാണ് അയാൾ ചോദിക്കുന്നത്. അതിനുള്ള ഉത്തരം അവിടെ കൂടി നിന്ന വിദ്യാസമ്പന്നർക്ക് പറയാൻ ബുദ്ധിമുട്ടു തന്നെയായി. എന്തായാലും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ കൂടിയുമാണ് ആ നിരത്തിൽ നട്ടുച്ചയ്ക്ക് അരങ്ങേറിയത്. വിദ്യാഭ്യാസം കുറവായതുകൊണ്ട് തന്റെ സംസ്‌കാരത്തിന് വലിയ ഇടിവ് പറ്റിയിട്ടില്ലെന്ന് രാധാകൃഷ്ണൻ ധരിച്ചുപോയാലും കുറ്റം പറയാൻ പറ്റില്ല.