Skip to main content

ശബരിമലയെ കാവൽക്കാർ തന്നെ കൊള്ളയടിക്കുന്നു

Glint Staff
Sabarimala Temple
Glint Staff


ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം അവിടെ തുടർന്നു വന്ന വൻതോതിലെ കവർച്ചയുടെ തുമ്പു മാത്രമാണ്. സന്നിധാനത്തിൻ്റെ ചുമതലക്കാരും കാവൽക്കാരും തന്നെയാണ് ഈ മോഷണം നടത്തുന്നവർ. ഏതാനും വർഷം മുൻപുവരെ മേൽശാന്തി തിരഞ്ഞെടുപ്പിൽ പോലും ആരോപണം ഉണ്ടായിരുന്നു. കാരണം മേൽശാന്തിയായി മലകയറി ഇറങ്ങുമ്പോഴേക്കും അദ്ദേഹം കോടീശ്വരനായി മാറുമായിരുന്നു. കൂടുതലും തമിഴ്നാട് , ആന്ധാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ അനുഗ്രഹത്തിനായി കാൽക്കൽ വക്കുന്ന തുകയും ഉരുപ്പടികളുമായിരുന്നു. ഏതാനും വർഷമേ ആയിട്ടുള്ളു അത്തരത്തിൽ ലഭിക്കുന്നത് ദേവസ്വത്തിൻ്റെ വരുമാനമാക്കിയിട്ട് . അതും എത്ര മാത്രം കൃത്യമായി ദേവസ്വത്തിലെത്തുന്നു എന്നുറപ്പാക്കാൻ സംവിധാനമൊന്നുമില്ല.
     ശബരിമല നിന്ന് എന്തൊക്കെ അടിച്ചു മാറ്റിയാലും ഇതുവരെ പിടിക്കപ്പെട്ട ചരിത്രമില്ല. അതാണ് ഇപ്പോൾ ഇത്രയും വലിയ മോഷണത്തിന് തയ്യാറായത്. 1980 കളിൽ ഭണ്ഡാരത്തിൽ വീഴുന്ന രൂപയും സ്വർണ്ണവുമെല്ലാം കൺവെയർ ബൽട്ട് വഴി സ്ട്രോങ് റൂമിലെത്തിക്കുന്ന സംവിധാനമായിരുന്നു. ബൽട്ട് കടന്നു പോകുന്ന വഴിയിൽ രൂപയും സ്വർണ്ണവുമൊക്കെ തെന്നി അടർന്നുവീഴുന്ന സംവിധാനമുണ്ടാക്കി . അതുവഴി വൻ കൊള്ളയാണ് അന്നു നടന്നു കൊണ്ടിരുന്നത്. അതും ഒടുവിൽ പിടിക്കപ്പെട്ടു . പക്ഷേ അതും തേഞ്ഞുമാഞ്ഞുപോയി. ആ തുടർച്ചയുടെ അവസാനത്തേതാണ് പാളി കാണാതായത്.