Skip to main content

ചർച്ചയാകാത്ത ചാവുകൾ .....

B Satheesh Kumar
Pathananthitta Quarry accident
B Satheesh Kumar

രണ്ടു ദിവസം മുമ്പുണ്ടായ ദാരുണ മരണം . അധികം ചർച്ച ചെയ്യാതെ കടന്നു പോയത് . പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ പയ്യനാമണ്ണിൽ  ഉണ്ടായ പാറമട ദുരന്തം . സാധാരണ മനുഷ്യന് ചെന്നുപറ്റാൻ ദുർഘടമായ പാറമടയിൽ , പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു 'ഹിറ്റാച്ചി' യുടെ മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണ് , അവിശിഷ്ടം പോലും കാണാത്ത വിധം തവിടുപൊടുയായി മൂടപ്പെട്ടു .

ആ യന്ത്രത്തിൽ രണ്ട് അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു.

വൈകുന്നേരം വരെയുള്ള അക്ഷീണ രക്ഷാപ്രവർത്തത്താൽ , താഴെ പ്പതിച്ച ആ കൂറ്റൻ പാറക്കഷണം ഇളക്കി നീക്കിയതിൻ്റെ അടിയിൽ നിന്നും രണ്ടു പാദങ്ങൾ പ്രത്യക്ഷപ്പെട്ടു.  അന്നു രാത്രിയിൽ , ആ മൃതദേഹം പുറത്തെടുത്തു. 

പിറ്റേ ദിവസം ( ഇന്നലെ ) വൈകുന്നേരമായപ്പോഴേക്കും രണ്ടാമത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹവും പൊളിഞ്ഞ വാഹനത്തിൻ്റെ ഇടയിൽ നിന്നും കണ്ടെടുത്തു.( ഒഡീഷ സ്വദേശി മഹാദേവ് പ്രധാൻ , ബീഹാർ സ്വദേശി അജയ് റായ് എന്നിവരാണ് ഈ ഹത ഭാഗ്യവാന്മാർ ) .

കൈ നീളമുള്ള ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ്, രക്ഷാപ്രവർത്തകർക്ക് ചെന്നു പറ്റാൻ പ്രയാസമായ ചെങ്കുളം പാറമട ദുരന്തത്തിലെ തുടർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളുള്ള താലൂക്കും കോന്നിയാണ് . ഉദ്യോഗസ്ഥന്മാരുടേയും രാഷ്ട്രീയക്കാരുടേയും ചാകര . ഭരണത്തിലും പ്രതിപക്ഷത്തിലും , സമുദായത്തിലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളാണ് പാറമട മുതലാളിമാർ . പുറമ്പോക്കിലുള്ളതും സ്വകാര്യ ഭൂമിയിലുള്ളതും . കൂടുതലും അനധികൃതമായത്. പണവും സ്വാധീനവും മാനദണ്ഡം . പരിസ്ഥിതി ലോല പ്രദേശം . ഗാഡ്ഗില്ലിൻ്റെ പരാമർശത്തിലുള്ള പശ്ചിമ മലനിരകൾ . ഒരിക്കലും അനുമതി കിട്ടാൻ അർഹതയില്ലാത്ത  പ്രദേശം . തദ്ദേശവാസികളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും രോദനങ്ങൾക്കും പരാതികൾക്കും പുല്ലുവില . 

പാറ പൊട്ടിക്കുന്ന രീതി പോലും ഭയാനകം . കുത്തനെ പൊട്ടിച്ചു പൊട്ടിച്ചു പാറ നീക്കുന്ന പ്രവൃത്തി .  മുകളിൽ നിന്നു നോക്കിയാൽ പാതാള ലോകം കാണുന്ന പ്രതീതി . നോക്കുന്നവന് തലചുറ്റും . താഴെ വീണാൽ അഗാധ ഗർത്തം . പൊടിപോലുമില്ല, പിന്നെ കണ്ടെത്താൻ .....

പ്രതിരോധമില്ല , പ്രക്ഷോഭമില്ല , പ്രകമ്പനമില്ല ... ഈ ദാരുണാന്ത്യത്തിന് .... ഏതാനും ലക്ഷങ്ങളിൽ ഒതുങ്ങുമായിരിക്കും  .... അതിഥി തൊഴിലാളികളല്ലേ ? 
ആർക്കു ചേതം ....