ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ട നടപടിയെ സിബല്‍ ചോദ്യം ചെയ്തു. ഹര്‍ജി ആരാണ് ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന് അറിയണമെന്നും ചീഫ് ജസ്റ്റിസാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഉത്തരവ് കാണാതെ മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
എന്നാല്‍ ബെഞ്ച് രൂപവത്കരിക്കാനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസാനെണെന്നും കേസിന്റെ മെറിറ്റിലേക്ക് വരാനും കോടതി കപില്‍ സിബലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഉത്തരവ് കാണമെന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വാദത്തിലേക്ക് അദ്ദേഹം കടന്നില്ല.
ഭരണഘടനാ ബഞ്ചിന് വിട്ടകാര്യം രാത്രിയാണ് ഹര്‍ജിക്കാര്‍ അറിഞ്ഞത്. ചീഫ് ജസ്റ്റിസാണ് വിട്ടതെങ്കില്‍ അത് ചോദ്യം ചെയ്യേണ്ടതുണ്ട്.
ഉത്തരവ് പുറത്ത് വിടാന്‍ തയ്യാറല്ലെങ്കില്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നുംഅദ്ദേഹം അറിയിച്ചു. ഇതോടെ ഹര്‍ജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.