സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ചരിത്രം മാപ്പുതരില്ലെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായിഉയര്‍ത്തിയ കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഈ സംഭവത്തില്‍ സുപ്രിം കോടതി ഇതുവരെ പ്രതികരിച്ചിട്ടില്ല. പരമോന്നത നീതിപീഠത്തിന്റെ ഈ മൗനത്തിനെതിരെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിലെ അംഗമാണ് കുര്യന്‍ ജോസഫ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതില്‍ തീരുമാനമെടുക്കാന്‍ വൈകുന്തോറും സുപ്രിം കോടതിയുടെ അന്തസും ബഹുമാന്യതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.
ഉടന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള ഒരു ഏഴംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും കൈമാറിയിട്ടുണ്ട്.