മാഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. കേസ് വീണ്ടും അന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, വൈകാരികതയല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി.
പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്നാവിസ് നല്കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം അറിയിച്ചത്. നാഥുറാം ഗോഡ്സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന മൂന്നു വെടിയുണ്ടകളല്ല, മറ്റൊരാളുടെ തോക്കില്‍ നിന്നുള്ള നാലാമത്തെ വെടിയേറ്റാണു ഗാന്ധിജി മരിച്ചതെന്നാണു ഫട്നാവിസിന്റെ വാദം. ഫോഴ്സ് 136 എന്ന ചാരസംഘടനയാണു വധത്തിനു പിന്നിലെന്നും കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ബ്രിട്ടന് സ്വാധീനം ചെലുത്തിയെന്നും ഹര്ജിക്കാരന് ആരോപിച്ചു.
ഹര്ജിയിലുന്നയിച്ചിരുന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന് അമരേന്ദ്ര സരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്നും കേസ് പുനഃപരിശോധിക്കേണ്ടതില്ലെന്നും ചൂണ്ടി കാണിച്ച് കഴിഞ്ഞ ഡിസംബറില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.