സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2017 ആഗസ്റ്റില്‍ സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം സുതാര്യമായിരിക്കുന്ന പശ്ചാത്തലത്തില്‍, ആ വിധിയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. സ്വകാര്യതയെ ചില നിയന്ത്രണങ്ങളോടു കൂടി സമീപിക്കണമെന്ന് സര്‍ക്കാര്‍ മാത്രമാണ് നിലപാടെടുത്തത്. സുപ്രീം കോടതിയുടെ വിധി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാല്‍ കാലത്തിന്റെ കൈയൊപ്പ് ആ ഭരണഘനാ ബെഞ്ചിന്റെ വിധിയില്‍ ഇല്ലായിരുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ വികസിതമായ ലോകത്തിന്റെ മുഖമുദ്രയായിരുന്നു രഹസ്യ സ്വഭാവമുള്ള സ്വാകാര്യത. കള്ളികളില്‍ അടച്ച ഭൗതിക സംവിധാനങ്ങളായിരുന്നു വ്യാവസായിക വിപ്ലവകാലത്ത് പരമാവധി ലാഭ നേട്ടത്തിന് വേണ്ടി സ്വീകരിച്ചിരുന്നത്. അവിടെ രഹസ്യതയും ലാഭവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടായിരുന്നു. ആ ലാഭ-രഹസ്യ വേഴ്ചയില്‍ നിന്നുണ്ടായ സാംസ്കാരിക സ്വാധീനത്താല്‍ വ്യക്തിയിലും സമൂഹത്തിലും ഒരേപോലെ പ്രാമുഖ്യം നേടിയ ഒന്നായിരുന്നു വ്യക്തിയുടെ സ്വകാര്യത.
സ്വകാര്യത സംസ്കാരത്തിന്റെ ഫലമായിട്ടാണ് വ്യാവസായിക വിപ്ലവത്തിന് വിധേയമായിട്ടില്ലാത്ത സമൂഹങ്ങളില്‍ പോലും വ്യക്തി വല്‍ക്കരണം ഉണ്ടായത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളം. അല്‍പ്പമൊന്ന് ഉയര്‍ന്ന് മുകളിലേക്ക് പോയി നോക്കിയാല്‍, മതില് കെട്ടുകള്‍ കൊണ്ട് കള്ളികള്‍ ഉണ്ടാക്കി വികലമാക്കപ്പെട്ട ഭൂപ്രദേശമായി കേരളം കാണപ്പെടുന്നത് അതിനാലാണ്. ഈ സ്വാകാര്യത സങ്കല്‍പ്പമാണ്, സ്വാകാര്യത പൗര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിധിക്കുന്നതിലേക്ക് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ നയിച്ചതെന്ന് കാണാന്‍ കഴിയും. അതുകൊണ്ടാണ് ആ വിധിയില്‍ കാലത്തിന്റെ മുദ്രകള്‍ ഇല്ലാതെ, പോയകാലത്തിന്റെ ഭാരമുദ്രയായി പരിണമിച്ചത്. അത് അപ്രായോഗികമായി മാറുകയും ചെയ്യും. അതിലൂടെ ശോഷണം സംഭവിക്കുന്നത് ഭരണഘടനാ സ്ഥാപനത്തിനും ഭരണഘടനക്കും തന്നെയാണ്.
ഡിജിറ്റല്‍ യുഗത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത് സുതാര്യതയും (transparency) ശൃംഖലാ (network) സ്വഭാവവുമാണ്. ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ സധ്യത. അത് സംസ്കാരത്തെയും പുനഃര്‍ നിര്‍വചിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗം വരെ കാണാന്‍ കഴിയാതിരുന്ന കാഴ്ചകളെല്ലാം ഇന്റര്‍നെറ്റില്‍ കാണുന്നതും, കാണാന്‍ കഴിയാത്തതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ലാത്തതും. ഈ സുതാര്യതയും ശൃഖലാ സ്വഭാവവും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ അനുദിനം മാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നഗ്നതപോലും ഇന്ന് മറയ്ക്കപ്പെടുന്നില്ല. കാരണം ഈ യുഗത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുന്ന കല്‍പ്പിത ലോകമാണ് (virtual world) ഭൗതിക ലോകത്തിന്റെ സംസ്കാരത്തെ നിര്‍ണയിക്കുന്നത്. ഇത് പുത്തന്‍ ഭാവുകത്വത്തെ അനുനിമിഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മുല വിവാദവും, ഫറൂഖ് കോളേജിലെ ബത്തക്ക വിവാദവും, സരിത ഉള്‍പ്പെട്ട സോളാര്‍ക്കേസും ഒക്കെ ഉദാഹരങ്ങള്‍ മാത്രം.
ഈ പുതിയ ഡിജിറ്റല്‍ യുഗത്തില്‍ കല്‍പ്പിത ലോകത്തിലെ ഒരു ചെറിയ പെരുമാറ്റം പോലും, ഫേസ്ബുക് ആയാലും വാട്സാപ്പ് ആയാലും മറ്റെന്തായാലും, അത് ഇടപെടുന്നവരുടെ കൈയ്യൊപ്പായി അവശേഷിക്കുന്നു. ഈ യുഗത്തിന്റെ ഏറ്റവും പ്രാധാന്യം നേടിയ സവിശേഷതയാണ് ഡാറ്റ പെര്‍മനന്‍സി, വസ്തുതകളുടെ സ്ഥാപന സ്വഭാവം. ഈ പശ്ചാത്തലത്തില്‍ അധികം താമസിയാതെ തന്നെ മുഖാമുഖാഭിമുഖങ്ങള് ഒഴിവാക്കി, കല്‍പ്പിത ലോകത്തിലെ വ്യക്തിയുടെ പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വങ്ങളെ തിരിച്ചറിഞ്ഞ് ആളെ ജോലിക്കെടുക്കുന്ന രീതി ഉടനടി പൂര്‍ണതോതില്‍ സംജാതമാകും. ഇപ്പോള്‍ തന്നെ സ്ഥാപനങ്ങള്‍ അവ്വിധം പരിശോധന തുടങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ബിഗ് ഡാറ്റ, മെറ്റാ ഡാറ്റ അനാലിസിസുകളുടെ പ്രസക്തി വരുന്നത്. കച്ചവട സ്ഥാപനങ്ങളുടെ തന്ത്രങ്ങളും രാജ്യത്തിന്റെ പ്രതിരോധ സംബന്ധമായ തീരുമാനങ്ങളുമെല്ലാം മെറ്റാ ഡാറ്റ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാറും. ഇപ്പോള്‍ തന്നെ മാറി തുടങ്ങി. ഇതിനെ തടഞ്ഞു നിര്‍ത്താനോ നിയമം കൊണ്ട് പ്രതിരോധിക്കാനോ ഇന്ത്യയെ പോലുള്ള ഒരു ജനായത്ത സംവിധാനത്തില്‍ അസാധ്യവുമാണ്. ഈ വഴി തിരഞ്ഞെടുപ്പിന്ന് വേണ്ടിയും ഉപയോഗിക്കപ്പെടുന്നു. അതിലും അതിശയമില്ല. ട്രംപിന്റെ തിരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിലും ഇതിനകം ഈ സംവിധാനം ഒരു പക്ഷേ ബി.ജെ.പി ഉപയോഗിച്ചിട്ടുണ്ടാകാം. കോണ്‍ഗ്രസും ഉപയോഗിക്കുന്നുണ്ടാകാം. സുതാര്യ ശൃഖലാ ലോകത്ത് ഡാറ്റ ഒഴുക്കിനെ തടയാന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണം തന്നെയാണ് ഈ സംരംഭത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കേംബ്രിഡ്ജ് അനലറ്റിക്കയെ സംബന്ധിച്ച വിവരവും ചോര്‍ന്നത്.
ഡിജിറ്റല്‍ യുഗത്തിന്റെ പ്രാരംഭ ദിശയിലെ ചില ചെപ്പടിവിദ്യകള്‍ മാത്രമാണിത്. കാരണം ഇത് വ്യക്തിയുടെ വൈയക്തിക സംസ്കാരത്തില്‍ മാത്രം സ്വകാര്യതയും സുതാര്യതയും വേര്‍പെടുന്ന ഭൂമികയാണ്. അതിനാല്‍ യാന്ത്രികമായി പോലും വ്യക്തിയുടെ സ്വകാര്യതയെയും സ്വഭാവത്തെയും വേര്‍തിരിക്കാന്‍ പറ്റില്ല . സത്യസന്ധമായ സാംസ്കാരിക സവിശേഷതയെ വ്യക്തി ആര്ജ്ജിക്കുമ്പോള് മാത്രമേ, ഈ ഡിജിറ്റല്‍ യുഗത്തിലെ കല്‍പ്പിത ലോകത്തില്‍ വ്യക്തിക്ക് സമാധാന പൂര്‍ണമായി ജീവിക്കാന്‍ കഴിയുകയുള്ളൂ. ഈ സത്യസന്ധത ജനസേവനത്തില്‍ ഏര്‍പ്പെടുന്ന നേതാക്കന്മാരിലേക്കും വ്യക്തികളിലേക്കും വരുമ്പോള്‍ മാത്രമേ അവര്‍ക്ക് ജന പിന്തുണയും ലഭിക്കുകയുള്ളൂ. പ്രാരംഭ ദിശയിലെ ചെപ്പടി വിദ്യകള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടാവൂ.