Skip to main content

hadiya, supreme court

പ്രണയത്തിനും വിവാഹത്തിനും ജാതി, മതം, ഭാഷ, വേഷം, വര്‍ണം എന്തിന് പ്രായം പോലും വിഘാതമാകാന്‍ പാടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തില്‍ മറ്റൊന്നും തന്നെ അതിനുള്ളിലേക്ക് കടന്ന് വരാന്‍ പാടില്ല. പ്രണയം എന്ന് പറയുന്നത് സ്ത്രീയും പുരുഷനും പ്രകര്‍ഷമാം വിധം ലയിച്ച് ഒന്നാകുന്ന പ്രക്രിയയാണ്. ആന്തരികമായി ഒരുമ എന്ന അനുഭവം, അനുഭൂതി തലത്തില്‍ സ്ത്രീയിലും പുരുഷനിലും വര്‍ത്തിക്കുന്ന അവസ്ഥയാണ് പ്രണയം, അത് അങ്ങനെ തന്നെ ആകുകയും വേണം. സ്ത്രീ പുരുഷ ബന്ധത്തിലെ ബന്ധം എന്ന ആധാരശിലയും അതാണ്. അവിടെ ഒരു ഉപാധികളും കടന്ന് വരാന്‍ പാടില്ല. അങ്ങനെ കടന്ന് വരുന്ന ഉപാധികളെ തട്ടി മാറ്റുക എന്നുള്ളത് പ്രണയിക്കുന്നവരുടെയും പരിഷ്‌കൃത സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്. അത് ചാപല്യങ്ങള്‍ കൊണ്ടല്ല സംഭവിക്കുന്നത് എന്ന ഉറപ്പ് വരുത്താനാണ് സിവില്‍ സമൂഹം വിവാഹത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. പ്രണയം എന്നത് രണ്ട് വ്യക്തികളുടെ പരിപൂര്‍ണ സ്വാതന്ത്ര്യമാണ്. വ്യക്തിയുടെ ആ സ്വാതന്ത്ര്യത്തിനാണ് ഇന്ത്യന്‍ ഭരണഘടന ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഊന്നല്‍ പൗരനില്‍ കേന്ദ്രികൃതമാകുന്നതും. ആ ഭരണഘടനയുടെ പ്രതിധ്വനിയാണ് സുപ്രീംകോടതി ചൊവ്വാഴ്ച ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന പരിശോധിക്കുന്നതിനിടെ ഉണ്ടായ പരാമര്‍ശങ്ങള്‍.

 

ഇവിടെ പ്രണയത്തിനും വിവാഹത്തിനും ഇടയില്‍ മതം എങ്ങനെ കടന്ന് വരുന്നു. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നത് ഒരു വ്യക്തിക്ക് താന്‍ പിറന്ന മതത്തെ കുറിച്ചുള്ള അജ്ഞതമൂലമാണ്. അജ്ഞതയില്‍ നിന്നുള്ള ഏത് തീരുമാനവും കൂടുതല്‍ അജ്ഞതയിലേക്ക് നയിക്കുന്നു. അത് സാമൂഹികമായ വിപത്തുകളിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മുന്നിലാണ്. എന്നാല്‍ ഇവരുടെ വിവാഹം സമൂഹത്തിന്റെ മനസ്സില്‍ നില്‍ക്കുന്നത് പ്രണയവുമായി ബന്ധപ്പെട്ടല്ല, മറിച്ച് മതവുമായി ബന്ധപ്പെട്ടാണ്. അന്വേഷണം നടക്കുന്നത് മതതീവ്രവാദ ബന്ധത്തെക്കുറിച്ചാണ്. മത തീവ്രവാദവുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഒട്ടേറെ അറസ്റ്റുകളും അന്വേഷണങ്ങളും കേരളത്തില്‍ നടന്ന് വരുന്നു.

 

അജ്ഞതകൊണ്ടാണെങ്കില്‍ പോലും ഒരുവ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ട്. അതും ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന ഉദാത്തമായ പദവിയാണ്. ഭരണഘടന നല്‍കുന്ന ഈ ഉദാത്ത പദവിയെ പരിപാവനമായി സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും ഇന്ത്യന്‍ ജനായത്ത സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പരമമായ ലക്ഷ്യമായിരിക്കണം. കാരണം അതില്‍ വീഴ്ച സംഭവിക്കുന്ന പക്ഷം ഇന്ത്യന്‍ ഭരണഘടന പരാജയപ്പെടുന്നു. നമ്മുടെ ഭരണഘടന ഒരു കാരണവശാലും ദുരുപയോഗത്തിന് വിധേയമാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അഖിലയില്‍ നിന്ന് ഹാദിയയിലേക്കുള്ള മാറ്റത്തിന്റെ പിന്നില്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് ഉറപ്പാക്കപ്പെടാത്ത പക്ഷം സംശയങ്ങളും സാമൂഹിക അസ്വസ്ഥതകളും രാഷ്ട്രീയ മുതലെടുപ്പുകളും ഇവിടെ തുടരും.

 

ഈ പശ്ചാത്തലത്തില്‍ സൂക്ഷ്മവും നിഷ്പക്ഷവുമായ അന്വേഷണം ഉണ്ടാകേണ്ടത് ഓരോ പൗരന്റെയും ഇന്ത്യന്‍ ജനായത്തത്തിന്റെയും ആവശ്യകതയാണ്. അതിനാല്‍ അത്തരത്തിലുള്ള അന്വേഷണം ഉറപ്പ് വരുത്തേണ്ടത് സുപ്രീംകോടതിയിടെ കടമയാണ്. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയുടെ നടത്തിപ്പ് കുത്തഴിഞ്ഞ് പോയി എന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഈ അന്വേഷണത്തിന്റെ വിശ്വാസ്യത  ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

Tags