അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള അക്കൗണ്ടുകള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആധാര്‍ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഇതുവരെ ആരും പട്ടിണി മൂലം മരിച്ചിട്ടില്ലെന്നും നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്, ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെ ആണ് സംരക്ഷിക്കുന്നതെന്നും ഇതുവരെയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗിനോ മറ്റ് സൈബര്‍ ആക്രമണങ്ങക്കോ ഇരയായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.