സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളക്കൊണ്ടാണ് സുപ്രീംകോടതി ഈ ഉത്തരവിട്ടിരിക്കുന്നത്.
ഇനി അഡ്മിഷന്‍ പൂര്‍ത്തായാകാന്‍ മൂന്ന് ദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാല്‍, ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.
ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാകാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ഉത്തരവു പ്രകാരം സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന കോളേജുകള്‍ക്കും 11 ലക്ഷം ഫീസ് ഈടാക്കാം. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.
സംസ്ഥാനത്ത് രണ്ട് കോളജുകള്‍ക്ക് മാത്രമായിരുന്നു നേരത്തെ 11 ലക്ഷം ഫീസ് നിശ്ചയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വാദങ്ങളും കോടതി തള്ളുകയായിരുന്നു. അലോട്ട്‌മെന്റ് പൂര്‍ത്തിയായെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ചെവിക്കൊണ്ടില്ല.