Skip to main content

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ സുപ്രീം കോടതി കോടതിയലക്ഷ്യ കുറ്റത്തില്‍ ആറുമാസം തടവിനു ശിക്ഷിച്ചു. ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

കര്‍ണനെ ജയിലില്‍ അയച്ചില്ലെങ്കില്‍ ഒരു ജഡ്ജിയുടെ കോടതിയലക്ഷ്യ കുറ്റത്തിന് നേരെ സുപ്രീം കോടതി കണ്ണടച്ചെന്ന ആക്ഷേപം ഉണ്ടാകുമെന്ന് ഏഴംഗ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. ഉത്തരവ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്‍ മാദ്ധ്യമങ്ങളെ കോടതി വിലക്കിയിട്ടുമുണ്ട്.

 

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റിയ കര്‍ണനെ നിയമപരമായോ ഭരണപരമായോ ഉള്ള ചുമതലകള്‍ വഹിക്കുന്നതില്‍ നിന്ന്‍ പരമോന്നത കോടതി വിലക്കിയിരുന്നു.

 

സുപ്രീം കോടതി നടപടികളോട് സഹകരിക്കാന്‍ വിസമ്മതിച്ച കര്‍ണന്‍ കോടതിയുടെ ഓരോ നടപടിയേയും തുടര്‍ന്ന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ അടക്കമുള്ള ഏഴു ജഡ്ജിമാരെ അഞ്ച് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചുകൊണ്ട് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്.  

Tags