മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെയും അറ്റക്കുറ്റപ്പണി തമിഴ്നാടിന്റെയും ഉത്തരവാദിത്വത്തിലാക്കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്റെ ഹര്‍ജി. തങ്ങളുടെ ജീവനക്കാരെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് ആരോപിക്കുന്നു.
നേരത്തെ, അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയായ സി.ഐ.എസ്.എഫിനെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അണക്കെട്ട് വിഷയത്തില്‍ തുടര്‍ച്ചയായ ഹര്‍ജികള്‍ നല്‍കുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന്‍ തമിഴ്നാട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.