Skip to main content

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകള്‍ പാന്‍ കാര്‍ഡ് നേടുന്നതിനാലാണ് ഈ നടപടിയെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചു. ഒന്നിലധികം പാന്‍ കാര്‍ഡ് ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ഉണ്ടെന്നും രോഹ്തഗി പറഞ്ഞു.

 

എന്നാല്‍, ഇതിന് ആധാര്‍ ആണോ പരിഹാരം എന്ന് കോടതി ആരാഞ്ഞു. ധനബില്ലിലെ ഭേദഗതിയിലൂടെയാണ് ഏപ്രില്‍ 25-ന് പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആദായനികുതി വിവരം സമര്‍പ്പിക്കുന്നതിനൊപ്പം ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കുന്നതിനും സര്‍ക്കാര്‍ വ്യവസ്ഥ കൊണ്ടുവന്നത്. ഇതിനെതിരെ സി.പി.ഐ നേതാവ് ബിനോയ്‌ വിശ്വം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ അടുത്ത ബുധനാഴ്ച കൂടുതല്‍ വാദം കേള്‍ക്കും.

 

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി പലതവണ വിധിച്ചിട്ടുണ്ട്. എന്നാല്‍, നികുതിയുമായി ബന്ധപ്പെട്ട് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ ഇടപെടാനാകില്ല എന്ന നിലപാടാണ് കോടതി മുന്‍പ് സ്വീകരിച്ചിരുന്നത്. അതേസമയം, ആധാറുമായി ബന്ധപ്പെട്ട സ്വകാര്യത പ്രശ്നം പരിശോധിക്കുന്ന ഭരണഘടന ബഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് വരെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സേവനങ്ങള്‍ക്കും മറ്റും ആധാര്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ഇത് പണബില്ലായി കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്‌ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗനയിലാണ്.

Tags