ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇ.വി.എം.) വോട്ട് ചെയ്തതിന് കടലാസ് അടയാളം നല്‍കണമെന്ന 2013-ലെ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി.) നല്‍കിയ ഹര്‍ജിയില്‍ മെയ് എട്ടിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.
ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. ഇപ്പോള്‍ വോട്ട് ചെയ്യുമ്പോള്‍ മെഷീന്‍ എന്താണ് റെക്കോഡ് ചെയ്തതെന്ന് അറിയാന്‍ മാര്‍ഗ്ഗമില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. വോട്ടര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയുന്ന ഒരു കടലാസ് അടയാളം നല്‍കുകയാണെങ്കില്‍ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ബി.ജെ.പി രാജ്യസഭാംഗമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ഇ.വി.എമ്മുകളില്‍ കടലാസ് അടയാളം 2014 പൊതുതെരഞ്ഞെടുപ്പില്‍ ഘട്ടം ഘട്ടമായി ഏര്‍പ്പെടുത്താന്‍ 2013-ല്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വകവും സുതാര്യവും ആയ തെരഞ്ഞെടുപ്പിന് ഇത് അനിവാര്യമാണെന്നും ഇത് വോട്ടര്‍മാരില്‍ ആത്മവിശ്വാസം ജനിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.