മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്രം. ഈ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.
ഈ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളെ സ്വന്തം സമുദായത്തിലെ പുരുഷന്മാരുമായും മറ്റു സമുദായങ്ങളിലെ സ്ത്രീകളുമായും രാജ്യത്തിന് പുറത്തുള്ള മുസ്ലിം സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോള്‍ അസമത്വം നേരിടുന്നവര്‍ ആക്കി മാറ്റുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം, മുത്തലാഖ് 18 മാസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതി മുന്‍പാകെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും ബോര്‍ഡ് ഉപാധ്യക്ഷന്‍ സയ്യിദ് സാദിഖ് സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നു. ഇത്തരം വിഷയങ്ങള്‍ ജുഡീഷ്യറിയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ളതാണെന്ന വാദവും ബോര്‍ഡ് ആവര്‍ത്തിച്ചു.