Skip to main content

മുംബൈ: റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി പറഞ്ഞു. റിലയന്‍സ് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പെട്രോകെമിക്കല്‍, ഗ്യാസ്, ടെലികോം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടുകൂടി ടെലികോം മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും റിലയന്‍സിന്റെ ടെലികോം ശൃംഖല പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വിപണിമൂല്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായ റിലയന്‍സ്, റീട്ടെയില്‍ ബിസിനസിലൂടെ നാല് മടങ്ങ് വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പെട്രോകെമിക്കല്‍ മേഖലകള്‍ക്കാണ്‌ കമ്പനി പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ ഉല്‍പ്പാദകരായി മാറുക എന്നുള്ളതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അംബാനി പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം കമ്പനിയുടെ റീട്ടെയില്‍ രംഗത്തുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് അടുത്ത നാല്‌ വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ രംഗത്ത് 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന്‌ അംബാനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച റിലയന്‍സ് ഓഹരി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.