Skip to main content

ചൈനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്‌നാമില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. വിയറ്റ്‌നാമിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി 50 കോടി ഡോളറിന്റെ വായ്പയും മോദി ശനിയാഴ്ച പ്രഖ്യാപിച്ചു.

 

ഉയര്‍ന്നുവരുന്ന പ്രാദേശിക വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ സഹകരണത്തിന്റെ പ്രാധാന്യം ഇരു രാജങ്ങളും തിരിച്ചറിയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സന്ദര്‍ശനത്തിടെ രണ്ട് രാജ്യങ്ങളും ഒപ്പിട്ട 12 കരാറുകളില്‍ മിക്കവയും പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ടവയാണ്.

 

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്‌.

 

വെള്ളിയാഴ്ച രാത്രി തലസ്ഥാനമായ ഹാനോയില്‍ എത്തിയ മോദിയ്ക്ക് ശനിയാഴ്ച രാവിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ആചാരപരമായ സ്വീകരണം നല്‍കി. വിയറ്റ്നാം വിമോചന സമര നേതാവും കമ്യൂണിസ്റ്റ് അചാര്യനുമായ ഹോ ചി മിന്റെ ശവകുടീരവും മോദി സന്ദര്‍ശിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്നാം സന്ദര്‍ശിക്കുന്നത്.    

 

സെപ്തംബര്‍ അഞ്ചിനാണ് ചൈനയില്‍ ജി-20 ഉച്ചകോടി തുടങ്ങുന്നത്. ശനിയാഴ്ച രാത്രി മോദി ചൈനയിലേക്ക് തിരിക്കും.