Skip to main content
കൊച്ചി

kochi metro at seematti

 

കൊച്ചി മെട്രോയ്ക്ക് വേണ്ടി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ മാധവ ഫാര്‍മസി ജംഗ്ഷനിലെ സ്ഥലം അധികൃതര്‍ ചൊവ്വാഴ്ച ഏറ്റെടുത്തു. സ്ഥലം വിട്ടുനല്‍കാന്‍ ശീമാട്ടി അധികൃതര്‍ കാലതാമസം വരുത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. സ്ഥലം ബലമായി ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കൊച്ചി മെട്രോ കത്ത് നല്‍കിയിരുന്നു.

 

ഡെപ്യൂട്ടി കളക്ടര്‍ പി. ശോഭന, തഹസില്‍ദാര്‍ ഷിബു പി. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 32 സെന്റ്‌ സ്ഥലം ഏറ്റെടുത്തത്. ശീമാട്ടി അധികൃതര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. സ്ഥലം സ്വമേധയാ നല്‍കുകയാണെന്നും മെട്രോ നിര്‍മ്മാണവുമായി സഹകരിക്കുമെന്നും എം.ഡി ബീന കണ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

കൊച്ചി മെട്രോ പാത എം.ജി റോഡിലേക്ക് തിരിയുന്ന ഈ പ്രദേശത്ത് അഞ്ച് തൂണുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മഹാരാജാസ് കോളേജ് മൈതാനം മുതല്‍ ആലുവ വരെയുള്ള മെട്രോയുടെ 16 കിലോമീറ്റര്‍ വരുന്ന പാതയില്‍ ഏറ്റെടുക്കാന്‍ അവശേഷിച്ചിരുന്ന ഏക പ്രദേശമായിരുന്നു ഇത്. സ്ഥലം വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായി കൊച്ചി മെട്രോ അറിയിച്ചിരുന്നു.  

 

ശീമാട്ടിയുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന്‍ 2014 നവംബറിലാണ് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കെ.എം.ആര്‍.എല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെ.എം.ആര്‍.എല്‍) എം.ഡിയും സംസ്ഥാന സര്‍ക്കാറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഏലിയാസ് ജോര്‍ജ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

 

ഭൂമി ഒഴിയാന്‍ ഒരുമാസത്തെ കാലാവധി നല്‍കി കഴിഞ്ഞ മാസം ജില്ലാ അധികൃതര്‍ ശീമാട്ടിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഈ കാലാവധി കഴിഞ്ഞതിന് ശേഷവും ഭൂമി ഒഴിയാന്‍ കമ്പനി തയ്യാറായിരുന്നില്ല. തുടര്‍ന്ന്‍. സ്ഥലം ബലമായി ഏറ്റെടുക്കുമെന്ന് കളക്ടര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കിയിരുന്നു.

 

മെട്രോയുടെ തൂണുകളില്‍ സൗജന്യമായി പരസ്യം ചെയ്യാനും ബാനര്‍ജി റോഡിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക സൗകര്യവും പാര്‍ക്കിംഗും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഭൂമി വിട്ടുനല്‍കുന്നതിന് പകരമായി കെ.എം.ആര്‍എല്ലുമായുള്ള ചര്‍ച്ചയില്‍ ശീമാട്ടി മുന്നോട്ടുവെച്ചിരുന്നു.

Tags