കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്മാന് കൂടിയായ താമരശ്ശേരി മെത്രാന് മാര്‍ റെമജിയോസ് ഇഞ്ചനാനിയലുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണതൃപ്തനാണെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോഴിക്കോട് വെള്ളിയാഴ്ച നില്‍പ്പ് സമരം നടത്തിയിരുന്നു. സമിതിയുടെ നിലപാടുകളെ മന്ത്രിമാരായ കെ.സി ജോസഫും കെ. ബാബുവും പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സമിതിയുടെ നേതാക്കളെ ചില ബാഹ്യശക്തികളാണ് നിയന്ത്രിക്കുന്നതെന്ന് മന്ത്രിമാര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. മദ്യനയത്തിൽ മാറ്റം വരുത്താനിടയായ സാഹചര്യം മെത്രാനെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കാന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ തയ്യാറായില്ല.
മദ്യനയം പ്രഖ്യാപിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും അത് ഫലപ്രദമായി നടപ്പാക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. പത്ത് വർഷം കൊണ്ട് വീര്യം കൂടിയ മദ്യം സംസ്ഥാനത്ത് നിന്നും ഇല്ലാതാക്കും. നേരത്തെ ചാരായം നിരോധിച്ചപ്പോള്‍ സര്‍ക്കാറിന് വിദേശമദ്യം കൊണ്ടുവരേണ്ടിവന്നു. ഈ വിദേശമദ്യം നിർത്തലാക്കുന്നതിന് വേണ്ട ക്രമീകരണമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.സി.ബി.സിയും മദ്യവിരുദ്ധ സമിതിയും പ്രത്യേക സംഘടനകളാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയൂസ് ക്ളിമീസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. മദ്യവിരുദ്ധ സമിതിയുടെ നിലപാടുകളെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച ഈ പ്രസ്താവനയിലൂടെ സമിതിയ്ക്ക് ശക്തമായ സന്ദേശമാണ് കെ.സി.ബി.സി നല്‍കിയിരിക്കുന്നത്.