ന്യൂഡല്‍ഹി : കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചുകൊണ്ട് കരാറൊപ്പിട്ടു. നിര്‍മ്മാണ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കും. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കേന്ദ്ര നഗരവികസന വകുപ്പ് സെക്രട്ടറി സുധീര്‍കൃഷ്ണയുടെ സാന്നിധ്യത്തില്‍ കൊച്ചിമെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജും ഡല്‍ഹി മെട്രോറെയില്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) എം.ഡി. മാംഗുസിങ്ങുമാണ് നിര്‍മാണക്കരാറില്‍ ഒപ്പിട്ടത്.
ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യഘട്ടത്തിന് 5181 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്. ഈ തുകയുടെ ആറുശതമാനം നിര്‍മാണത്തിനുള്ള പ്രതിഫലമായി ഡി.എം.ആര്‍.സിക്ക് ലഭിക്കും. പദ്ധതിക്ക് ധനസഹായത്തിനായി ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (ജൈക്ക)യുടേയും ഫ്രഞ്ച് ധനകാര്യസ്ഥാപനമായ ഏജന്‍സ് ഫ്രാന്‍സൈസ് ദെ ഡവലപ്‌മെന്റിന്റേയും (എ.എഫ്.ഡി) സഹായം തേടിയിട്ടുണ്ട്.