Skip to main content

munnariyippu movie

 

മുന്നറിയിപ്പ് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന സി.കെ രാഘവന്റെ കഥയിലൂടെ തന്റെ രണ്ടാം സംവിധാന സംരംഭത്തില്‍ ഛായാഗ്രാഹകന്‍ വേണു പറയുന്നത് ഇതാണ്: ഒരാളും ആരുടേയും അടിമയല്ല. സ്വാതന്ത്ര്യം പോലെ മധുരിക്കുന്നത് മറ്റൊന്നുമില്ല. ഒരുവന്റെ സ്വാതന്ത്ര്യമെന്താണെന്ന് അവനാണ് വ്യാഖ്യാനിക്കുന്നത്. അധികാരം കൊണ്ടായാലും അടുപ്പം കൊണ്ടായാലും അതില്‍ കൈകടത്തരുത്.

 

സി.കെ രാഘവന്‍ രണ്ടു കൊലപാതകം ചെയ്തതിന് തടവുശിക്ഷ അനുഭവിച്ചയാളാണ്. കാലാവധി കഴിഞ്ഞിട്ടും അയാള്‍ ജയിലില്‍ തന്നെ കഴിയുന്നു. അഞ്ജലിയെന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയിലൂടെ അയാളുടെ ഡയറിക്കുറിപ്പുകള്‍ ലോകം വായിക്കുന്നു. അയാളുടെ അസാധാരണമായ എഴുത്തും ആരെയും കൊന്നിട്ടില്ലെന്ന ഉറച്ച വാദവും അയാളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഞ്ജലിയെ പ്രേരിപ്പിക്കുന്നു. ഒപ്പം എഴുത്തുകാരിയെന്ന നിലയില്‍ രാഘവന്റെ കഥ എഴുതാന്‍ വലിയ പുസ്തക പ്രസാധകര്‍ നല്‍കിയ വലിയ ഓഫര്‍ അവള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.

 

പ്രസാധകര്‍ക്കു വേണ്ടി തന്റെ ജീവിതം എഴുതാന്‍ രാഘവനെ അഞ്ജലി ജയിലില്‍ നിന്ന് ഇറക്കി. പുറത്ത് അയാളെ കാത്തിരിക്കുന്നത് പുതിയ ലോകമാണ്. പുറം ലോകത്തിന്റെ ഇടുങ്ങിയ ചതുരത്തില്‍ നിന്നുകൊണ്ട് ചുരുങ്ങിയ സമയത്തില്‍ തന്നെ എഴുതാന്‍ രാഘവനു സാധിക്കുന്നില്ല. അതിന് സമ്മര്‍ദ്ദമേറുന്നതോടെ സ്വയം വ്യാഖ്യാനിച്ച സ്വാതന്ത്ര്യത്തെ അയാള്‍ തെരഞ്ഞെടുക്കുന്നു.

 

ഒട്ടും തിടുക്കമില്ലാതെ പറഞ്ഞു പോകുന്ന കഥയാണ് മുന്നറിയിപ്പിന്റേത്. ചത്ത പല്ലിയെ ഉറുമ്പുകൂട്ടം കൊണ്ടു പോകുന്ന സീന്‍ മുതല്‍ അതങ്ങനെയാണ്. കൃത്യമായ സംഭാഷണവും പറച്ചില്‍ രീതിയും. ഓരോ കഥാപാത്രത്തെയും അതിസൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നു. രാഘവന്റെ നടപ്പിലും തൊണ്ടയനക്കത്തിലും തീരെ സിനിമാറ്റിക്കല്ലാത്ത സ്വാഭാവികതയുണ്ട്. അവസാന സീനിലെ അയാളുടെ മധുരമായ ചിരി തിയേറ്ററിനു പുറത്തേക്ക് കൂടെ വരും. ആര്‍. ഉണ്ണിയുടെ തിരക്കഥ മികച്ചത് തന്നെ. സംവിധായകന്‍ വേണു ഒപ്പിയെടുത്ത കാഴ്ചകളെ ഒട്ടും തടസ്സമില്ലാതെ ബീനാ പോളാണ് എഡിറ്റ് ചെയ്തത്. ഒന്നാം സീന്‍ മുതല്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം കാഴ്ചയില്‍ ഒട്ടിനില്‍ക്കുന്നുണ്ട്.

 

വാല്‍സല്യത്തിലെ രാഘവനെ പോലെ മുന്നറിയിപ്പിലെ രാഘവനെയും മമ്മൂട്ടി പിഴവില്ലാതെ കൈകാര്യം ചെയ്തിരിക്കുന്നു. പ്രതിഭ ചോര്‍ന്നു പോകുന്നതല്ല. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്തിന്റെ യുവ പത്രപ്രവര്‍ത്തകയുടെ വേഷം അപര്‍ണയുടെ സിനിമാജീവിതത്തില്‍ മികച്ച ഒന്നായിരിക്കും. കുറച്ചു സീനുകളില്‍ മാത്രമെങ്കിലും കൊച്ചുപ്രേമന്റെ വക്കീലും രഞ്ജി പണിക്കരുടെ മാഷും നെടുമുടിയുടെ ജയിലറും നന്നായി. ശ്രീരാമനും ജോയ് മാത്യുവും പൃഥ്വിരാജും സിനിമയുടെ ഒഴുക്കിന് തടസ്സമില്ലാതെയാണ് വന്നു പോകുന്നത്. ചായക്കടയിലെ പയ്യനായി വന്ന് സിനിമാക്കഥ പറയുന്ന കുട്ടിയും മനസില്‍ തങ്ങും.

 

മുന്നറിയിപ്പ് ഒരു ഉറച്ചു പറയലാണ്. സിനിമ സംവിധായകന്റെ കലയാണെന്നും കഥാപാത്രങ്ങളിലും കഥപറച്ചിലിലും തന്റെ സ്വാതന്ത്ര്യമാണ് വലുതെന്നും. മമ്മൂട്ടി എന്ന അഭിനേതാവില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാമെന്ന വിശ്വാസമുണ്ടാക്കാന്‍ വേണുവിന് സാധിച്ചു. ഒറ്റ സീനില്‍ വന്നു പോകുന്ന ക്യാരക്ടറിനും കഥപറച്ചിലില്‍ എത്രത്തോളം പ്രാധാന്യമുണ്ടാകാമെന്ന് കാട്ടിത്തന്നു. അസ്വസ്ഥമായി തിയേറ്റര്‍ വിടുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാകും. എന്താണ് രാഘവന് പറയാനുള്ളത്, അയാള്‍ പറഞ്ഞത് എന്തൊക്കെയാണ്, എന്തുകൊണ്ട് മുന്നറിയിപ്പ്?


മാദ്ധ്യമപ്രവര്‍ത്തകനാണ് ബാല.

Tags