പെട്രോളിയം വിലനിര്‍ണയരീതി എണ്ണക്കമ്പനികള്‍ക്ക് വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റിലയന്‍സും എസ്സാറും അടക്കമുള്ള സ്വകാര്യകമ്പനികള്‍ക്കും വന്‍നേട്ടത്തിന് വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2007-12 കാലത്തുമാത്രം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 50,513 കോടി രൂപയുടെ അധികനേട്ടമാണ് ഉണ്ടായത്. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളിൽ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ സി.എ.ജി കുറ്റപ്പെടുത്തുന്നു.
എണ്ണക്കമ്പനികൾ വൻ നഷ്ടത്തിലാണെന്നും കേന്ദ്ര സർക്കാർ വൻതോതിൽ സബ്സിഡി നൽകുന്നതുകൊണ്ടാണ് അവ പിടിച്ചുനിൽക്കുന്നതെന്നുമുള്ള ധാരണകൾ തിരുത്തുന്നതാണ് സി.എ.ജി റിപ്പോർട്ട്. ഇറക്കുമതിത്തീരുവ, ഇന്‍ഷുറന്‍സ്, കപ്പല്‍കൂലി എന്നീ ഇനങ്ങളില്‍ ചെലവാകുന്ന തുക എന്നിവ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രം തിരിച്ചുനല്‍കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്ക്ക് 200712 കാലത്ത് ഇങ്ങനെ ലഭിച്ച തുക ഏതാണ്ട് 50,513 കോടിരൂപ വരും. ഈ ചെലവെല്ലാം എണ്ണക്കമ്പനികള്‍ വഹിച്ചാല്‍പ്പോലും 26,626 കോടി രൂപയുടെ അധികനേട്ടം കമ്പനികള്‍ക്ക് ഉണ്ടാകുമെന്ന് സി.എ.ജി. വ്യക്തമാക്കി.