Skip to main content

 

പറവൂര്‍ പീഡനക്കേസിന്‍റെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴാംപ്രതി വി.പി മധു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ട കേസ്‌ തള്ളാനാവില്ലെന്ന്‍ കോടതി വ്യക്‌തമാക്കി. പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും അതിനാല്‍ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നും ആയിരുന്നു മധു ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 

2010 ഏപ്രില്‍ മുതല്‍ പിതാവും മാതാവും മറ്റ് വാണിഭക്കാരും ചേര്‍ന്ന് നുറ്റമ്പതോളം പേര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്നാണ് കേസ്. പിതാവിനെതിരെ 2011-ല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ ആറെണ്ണത്തിന്‍റെ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്.

 

147 പ്രതികളുള്ള പറവൂര്‍ പീഡനക്കേസിന്റെ അന്വേഷണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. 104 പ്രതികളാണ്‌ നിലവില്‍ പിടിയിലായിട്ടുള്ളത്‌. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ പറവൂര്‍ വാണിയക്കാട് ചൗഡിപ്പറമ്പില്‍ സുധീര്‍, സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

Tags