ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡി (ബി.സി.സി.ഐ)ന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ സുപ്രീം കോടതിയുടെ തീരുമാനത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലൂടെ എന്‍. ശ്രീനിവാസന് ചോദ്യം ചെയ്തു. 2013-ല്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐ.പി.എല്‍)നിടെ ഒത്തുകളിയും വാതുവെപ്പും നടന്നതായ ആരോപണങ്ങള്‍ പരിശോധിക്കുന്നതിനിടെ മാര്‍ച്ച് 28-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീം കോടതി ശ്രീനിവാസനെ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. ശിവലാല്‍ യാദവിനും മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കുകയും കോടതി ചെയ്തിരുന്നു.
ഇടക്കാല ഉത്തരവ് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാര്‍ച്ച് 27-ന് കോടതി ശ്രീനിവാസനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്തിരിക്കുന്നത്. അന്യായകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് ആരോപണങ്ങള്‍ എന്ന് ശ്രീനിവാസന് ഹര്‍ജിയില്‍ പറയുന്നു. താന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരരുതെന്ന് കോടതി പറഞ്ഞതിന്റെ കാരണം തനിക്ക് അറിയില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷിക്കാന്‍ കഴിഞ്ഞ ആഗസ്തില്‍ കോടതി നിയോഗിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ഐ.സി.സിയുടെ തലപ്പത്തേക്ക് മാറാനോരുങ്ങുന്ന ശ്രീനിവാസനും മരുമകന് ഗുരുനാഥ് മെയ്യപ്പനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ശ്രീനിവാസന് മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് മാര്‍ച്ച് 27-ന് സുപ്രീം കോടതി മുന്നോട്ട് വെച്ചത്.
ഐ.പി.എല്‍. വാതുവെപ്പ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. നാളെ തന്നെയാണ് ഐ.പി.എല്‍ ടൂര്‍ണമെന്റ് അബുദാബിയില്‍ തുടങ്ങുന്നത്.