‘ആറു ദിവസം കൊണ്ടു ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍’. സിനിമയില്‍ ഇത് കേട്ടതും ദേഹമാസകലം കോരിത്തരിച്ചു! കാണികള്‍ കുറേപേര്‍ എഴുന്നേറ്റു കയ്യടിച്ചു. ചിലവര്‍ കണ്ണും തള്ളി ഇരുന്നു. പിന്നെ ബാക്കി ചിലര്‍ വെയിറ്റ് കളയണ്ട എന്ന് കരുതി സീറ്റില്‍ ഇരുന്ന് കൂടെ വന്ന ആളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി ‘കിടിലന്‍’ എന്ന് പറഞ്ഞു. ഞാന്‍ ആ മൂന്നാമത്തെ വിഭാഗക്കാരനാണ്. പക്ഷെ, സിനിമയുടെ ഇടവേള ആയിട്ടെ ഉള്ളു! അപ്പോള്‍, ഇനി എന്തൊക്കെ കാണണമോ ആവോ! പ്രതീക്ഷിച്ച പോലെ തന്നെ രണ്ടാം പകുതിയും ‘കിടിലന്‍!’
അന്വേഷണാത്മക രീതിയില്‍ ആണ് സംവിധായകന്‍ ശ്യാംധര്‍ സെവന്‍ത് ഡേ എന്ന തന്റെ കന്നിച്ചിത്രം എടുത്തിരിക്കുന്നത്. ആ മൂഡ് ഉണ്ടാക്കുന്നതിനായിട്ട് നല്ല യെല്ലോ ടോണും ബ്ലൂ ടോണും സിനിമക്ക് കൊടുത്തിരിക്കുന്നു. കഥ തുടങ്ങുന്നത് പ്രിഥ്വിരാജിന്റെ ഡേവിഡ് എബ്രഹാം രണ്ടു ബൈക്ക് യാത്രക്കാരെ ഇടിച്ചു താഴെ ഇടുന്നിടത്താണ്. ഒരു യാത്രക്കാരന് അതില്‍ ഒരു പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. അതുകണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന്‍ പറഞ്ഞ് കാറിലേക്ക് ഡേവിഡ്‌ക്ഷണിക്കുന്നു. എന്നാല്‍, വളരെ വിഭ്രാന്തിയോടു കൂടി ഏതോ കുറ്റം ചെയ്ത മട്ടില്‍ അവര്‍ ആ ക്ഷണത്തെ തട്ടി മാറ്റി. പിന്നെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ ക്ഷണം അവര്‍ സ്വീകരിച്ചു ഡേവിഡിന്റെ ജീപ്പില്‍ കയറി. അവരെ ആശുപത്രിയില്‍ ആക്കുകയും ചെയ്തു. അവിടെ നിന്ന്‍ കഥ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ മുമ്പോട്ട് പോകുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലില്‍ വന്ന പ്രിഥ്വിരാജ് അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ആ നടപ്പും ഇരിപ്പും ഡയലോഗ് ഡെലിവറിയും എല്ലാം പ്രേക്ഷകരെ നമ്മുടെ ജഗതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘രോമാഞ്ച തുന്ദിരതരാക്കി!’ വിനയ് ഫോര്‍ട്ടിന്റെ ഷാന്‍, ടോവിണോ തോമസിന്റെ എബി, അനു മോഹന്റെ വിനു, പ്രവീണ്‍ പ്രേമിന്റെ സൈക്കിള്‍, ജനനി അയ്യരുടെ ജെസ്സി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. എല്ലാവരും അവരവരുടെതായ റോളുകള്‍ ഒട്ടും മുഷിപ്പിക്കാതെ കൈകാര്യം ചെയ്തിട്ടുണ്ട്.
ആദ്യം മുതല്‍ അവസാനം വരെ അതിമനോഹരമായി ആ ത്രില്ലര്‍ മൂഡ് ഉണ്ടാക്കാന്‍ ഈ നവ സംവിധായകന് കഴിഞ്ഞു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. സിനിമയില്‍ ഓരോ മൂഡിനും അതിന്റേതായ ശോഭ നല്‍കുന്നത് ലൈറ്റിങ്ങും ഒപ്പം, ആ സംഗീതവുമാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് തന്റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നാണ് ചെയ്തിരിക്കുന്നത്. എല്ലാ ഷോട്ടുകളും ഗംഭീരമായി പകര്‍ത്തി ഈ സിനിമ ഒരു ദൃശ്യവിസ്മയം കൂടിയാക്കി ടിയാന്‍.
നവാഗതനായ അഖില്‍ പോളിന്റെ തിരക്കഥ അവിടേയും ഇവിടേയും കുറച്ച് ഭാഗങ്ങളില്‍ ഇഴയുന്നുണ്ടെങ്കിലും പ്രേക്ഷകരെ ആകെമൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സിനിമയുടെ ഗതിക്കു ഭംഗം വരാതെ കൊണ്ടു പോയിട്ടുണ്ട്. കഥയിലെ ട്വിസ്റ്റ് ഇടവേള കഴിയുമ്പോഴേക്കും ചിലപ്പോള്‍ കത്തിയെന്നിരിക്കും. പക്ഷെ, കത്താത്തവര്‍ വായും പൊളിച്ചിരിക്കും. പിന്നെ കത്തിയവര്‍ അവസാനം ആവുമ്പോഴേക്കും മറന്നു പോയിട്ടുണ്ടാവും. അതുകാരണം അവരും തഥൈവ. ചില പ്ലോട്ട് ഹോള്‍സ് ഉണ്ടെങ്കിലും അതങ്ങനെ പെട്ടന്ന് കണ്ടുപിടിക്കാന്‍ പറ്റില്ല. അത് ഒരു ക്രിട്ടിക്കിന്റെ കണ്ണുകള്‍ മാത്രമേ കാണൂ.
സിനിമയുടെ ശരാശരി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു ഉഗ്രന്‍ ത്രില്ലര്‍ തന്നെയാണ്. ഇനി സംവിധായകന്‍ ശ്യാംധറിനു വിശ്രമിക്കാം, ഈ ‘ഏഴാം നാളി’ല്‍, സംതൃപ്തിയോടെ.
കാക്കനാട് ഭവന്‍സ് വരുണ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് കൃഷ്ണന്‍