മുന്‍ പാക്കിസ്താന് പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷാറഫിനു നേരെ വധശ്രമം. പരിക്കുകളൊന്നും ഏല്ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ സൈനിക ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് പോകവേ മുഷറഫ് സഞ്ചരിക്കുന്ന വഴിയില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിന് 20 മിനിറ്റ് മുന്‍പാണ് ബോംബ് സ്ഫോടനം നടന്നത്.
മുഷാറഫിന്റെ വാഹനം കടന്നുപോകുന്ന റൂട്ടില്‍ നാല് കിലോ സ്ഫോടക വസ്തുക്കള്‍ പൈപ്പ്ലൈനിലുള്ളിലാക്കി പാലത്തിടിയില്‍ വച്ചിരിക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ലിയാഖത് നിയാസി അറിയിച്ചു. മുഷാറഫിന്റെ വാഹനം എത്തുന്നതിന് 20 മിനിറ്റ് മുന്‍പ് സഫോടനം നടന്നു. മുഷാറഫും സംഘവും മറ്റൊരു റൂട്ടിലൂടെ വീട്ടിലേക്ക് പോയി. മുഷറഫിനെ ലക്ഷ്യം വച്ചാണ് സ്ഫോടന വസ്തുക്കള്‍ സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബോംബ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു. മുഷാറഫിനെ വധിക്കുമെന്ന് താലിബാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി താലിബാന് ചാവേറുകളെ നിയോഗിച്ചിട്ടുമുണ്ട്. മുഷാറഫിനു നേര്‍ക്കുള്ള നാലാമത്തെ വധശ്രമമാണ് ഇന്നത്തേത്. അധികാരത്തിലിരിക്കേയായിരുന്നു ആദ്യ മൂന്നു വധശ്രമങ്ങളും.
സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത മുഷാറഫ് 2007-ല്‍ ഭരണഘടന മരവിപ്പിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയെന്നുമാരോപിച്ച് മുഷറഫിനെതിരെ കോടതി കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇത്തരമൊരു വിചാരണ നേരിടുന്ന ആദ്യ പാക് സൈനിക മേധാവിയാണ് മുഷാറഫ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം.
1999-ലെ സൈനിക അട്ടിമറിയോടെ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി മുഷാറഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. 2001 മുതല്‍ 2008 വരെ പാകിസ്താന് പ്രസിഡന്റായിരുന്ന മുഷാറഫ് സ്ഥാനമൊഴിഞ്ഞശേഷം ലണ്ടനില്‍ അഭയം തേടി. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 2013 മാര്‍ച്ച് 24-ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷാറഫിനെ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നു.
ഭൂട്ടോ വധക്കേസില്‍ ദിവസങ്ങളോളം ഫാം ഹൗസില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന മുഷാറഫിനെ പിന്നീട് പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. കേസില്‍ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. വിചാരണയ്ക്കായി കോടതിയിലേക്ക് വരുന്നവഴി ഹൃദയാഘാതം അനുഭവപ്പെട്ട മുഷാറഫ് ചികിത്സയിലായിരുന്നു. ഹൃദ്രോഗം അലട്ടുന്ന പര്വേശിന തുടര്‍ ചികിത്സയ്ക്കും വൃദ്ധമാതാവിനെ കാണുന്നതിനും വിദേശത്തുപോകാന്‍ അനുവദിക്കണമെന്ന് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരിഫ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു.