Skip to main content
ന്യൂഡല്‍ഹി

social mediaസോഷ്യല്‍ മീഡിയ വെബ്സൈറ്റുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പരസ്യങ്ങളുടെ ഉള്ളടക്കം കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെലവ് കണക്കുകള്‍ വെബ്സൈറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍. പെയ്ഡ് ന്യൂസ് തടയുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണ് നിര്‍ദ്ദേശങ്ങള്‍ എന്ന് കമ്മീഷന്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളുമായി നടത്തിയ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചത്.     

 

പ്രമുഖ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ക്ക് ബുധനാഴ്ച പ്രത്യേകം അയച്ച കത്തിലാണ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പരസ്യങ്ങളില്‍ നിയമവിരുദ്ധമോ തെറ്റായതോ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുന്നതോ ആയ ഉള്ളടക്കം ഇല്ല എന്നുറപ്പ് വരുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന് കമ്മീഷന്‍ ആവശ്യപ്പെടുന്നു.

 

രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും തെരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചെലവാക്കുന്ന തുകയുടെ കണക്ക് സൂക്ഷിക്കണമെന്നും പിന്നീട് ആവശ്യം വന്നാല്‍ കമ്മീഷന് ഇത് നല്‍കണമെന്നും കത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നല്‍കുന്ന പരസ്യങ്ങളുടെ കണക്ക് സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥിയുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവില്‍ ഇതും ഉള്‍പ്പെടും.

 

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സോഷ്യല്‍ മീഡിയയ്ക്കും ബാധകമായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.   

Tags