സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയ്ക്ക് നേരെ സുപ്രീം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. റോയിയും കമ്പനിയുടെ മൂന്ന്‍ ഡയറക്ടര്‍മാരും ഇന്ന്‍ ഉച്ച തിരിഞ്ഞ് രണ്ടിന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതിയുടെ കരങ്ങള്‍ വളരെ നീണ്ടതാണെന്നും വന്നില്ലെങ്കിലും റോയിയെ തങ്ങള്‍ പിടിക്കുമെന്നും കോടതി പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സുബ്രത റോയി നല്‍കിയ ഹര്‍ജി ഇന്നലെ ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ജെ.എസ് ഖേഹര്‍ എന്നിവരുടെ ബഞ്ച് തള്ളിയിരുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, കേസിന്റെ ഭാഗമായ ജഡ്ജിമാരുടേയും അഭിഭാഷകരുടേയും ആര്‍ജവമാണ് കോടതിയില്‍ ഹാജാരാകാത്തതിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കിയ പരാതിയില്‍ ഫെബ്രുവരി 26-ന് ഹാജരാകണമെന്ന് റോയിയോടും ഡയറക്ടര്‍മാരോടും കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി ആവശ്യപ്പെട്ടത്. ഒന്നര വര്‍ഷം നീണ്ട കേസില്‍ റോയിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും റോയിയെ എങ്ങോട്ടാണ് അയക്കേണ്ടത് എന്ന്‍ തങ്ങള്‍ക്കറിയാമെന്നുമായിരുന്നു അന്ന്‍ കോടതിയുടെ അഭിപ്രായ പ്രകടനം.
കമ്പനിയുടെ രണ്ട് ധനകാര്യ പദ്ധതികള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി 2012 ആഗസ്തില്‍ പദ്ധതിയില്‍ നിക്ഷേപിച്ചിരുന്ന ലക്ഷക്കണക്കിന് വരുന്ന ചെറുകിട നിക്ഷേപകരുടെ 20,000 കോടി രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. പണം തിരികെ നല്‍കിയതായി സഹാറ കോടതിയെ അറിയിച്ചപ്പോള്‍ കോടതി ഉത്തരവിന് അനുസരിച്ചല്ല നടപടി എന്ന്‍ സെബി ചൂണ്ടിക്കാട്ടിയാണ് സെബി കോടതിയലക്ഷ്യ കേസ് നല്‍കിയത്. നല്‍കാനുള്ള പണത്തിന് ഈടായി സഹാറ സമര്‍പ്പിച്ച വസ്തുക്കള്‍ സെബിയ്ക്ക് ലേലം ചെയ്ത് വില്‍ക്കാമെന്നും കോടതി പറഞ്ഞിരുന്നു
നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയെന്ന് സഹാറ അവകാശപ്പെടുന്ന പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കുന്നത് വരെ റോയി രാജ്യം വിടുന്നത് സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു.