Skip to main content
യുണൈറ്റഡ് നേഷന്‍സ്

death penalty

 

വധശിക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജനുവരി 21-ന് പുറപ്പെടുവിച്ച നിര്‍ണ്ണായക വിധിയെ യു.എന്‍ മനുഷ്യാവകാശ വിദഗ്ദ്ധര്‍ സ്വാഗതം ചെയ്തു. 15 പേരുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ച വിധിയെ സുപ്രധാന നടപടിയെന്ന് വിശേഷിപ്പിച്ച വിദഗ്ദ്ധര്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്താനും വധശിക്ഷ എടുത്തുകളയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇന്ത്യയോട് അഭ്യര്‍ഥിച്ചു.

 

യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയമിച്ചിട്ടുള്ള പ്രത്യേക പ്രതിനിധികളായ ക്രിസ്റ്റോഫ് ഹെയ്ന്‍സ്, ജുവാന്‍ ഇ. മെന്‍ഡെസ്, മാട്സ് ആണ്ടെനാസ് എന്നിവരാണ് വിധിയെ സ്വാഗതം ചെയ്തും വധശിക്ഷ നിരോധിക്കാന്‍ ആവശ്യപ്പെട്ടും പ്രസ്താവന നല്‍കിയത്.

 

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം ‘വിശദീകരിക്കാനാകാത്തതും യുക്തിയ്ക്ക് നിരക്കാത്തതുമാണെന്ന്’ ചൂണ്ടിക്കാട്ടിയാണ് 13 പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചത്. ദയാഹര്‍ജികളില്‍ സര്‍ക്കാര്‍ വരുത്തുന്ന ‘അത്യധികമായ കാലതാമസം’ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് മതിയായ കാരണമാണെന്ന നിര്‍ണ്ണായക നിരീക്ഷണവും കോടതി നടത്തി. മാനസിക അസുഖം ചൂണ്ടിക്കാട്ടിയാണ് മറ്റ് രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.

 

മാനസിക അസുഖബാധിതരെ വധശിക്ഷയ്ക്ക് വിധേയരാക്കരുതെന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സുപ്രീം കോടതി പുലര്‍ത്തിയ നിഷ്കര്‍ഷയെ ക്രിസ്റ്റോഫ് ഹെയ്ന്‍സ് പ്രശംസിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യാവകാശങ്ങളും മനുഷ്യ ജീവനോടുള്ള ബഹുമാനവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്നും ഹെയ്ന്‍സ് ചൂണ്ടിക്കാട്ടി.

 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് ക്രമമായ ഇടവേളകളില്‍ മാനസികാരോഗ്യ പരിശോധന നടത്തണമെന്നും ആവശ്യമുള്ളവര്‍ക്ക് വൈദ്യശുശ്രൂഷ നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു. ദയാഹര്‍ജിയില്‍ തീരുമാനം കാത്ത് കഴിയുന്നവരെ ഏകാന്തതടവില്‍ സൂക്ഷിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ദയാഹര്‍ജി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമസഹായത്തിന് അര്‍ഹതയുണ്ട്, ശിക്ഷ നടപ്പിലാക്കുന്നതിന് 14 ദിവസം മുന്‍പെങ്കിലും ഇത് അറിയിക്കണം, കുടുംബവും സുഹൃത്തുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തുന്നതിന് അവസരമൊരുക്കക്കണം എന്നുമെല്ലാം വിധിയില്‍ നിര്‍ദ്ദേശമുണ്ട്.    

Tags