Skip to main content
ന്യൂഡല്‍ഹി

bhullarഖാലിസ്ഥാന്‍ തീവ്രവാദികള്‍ 1993-ല്‍ ഡെല്‍ഹിയില്‍ നടത്തിയ ബോംബ്‌ സ്ഫോടനക്കേസില്‍ കുറ്റവാളിയായ ദേവേന്ദര്‍ പാല്‍ സിങ്ങ് ഭുള്ളറിന്റെ വധശിക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ചീഫ് ജസ്റ്റിസ്‌ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പരിഗണിക്കും.

 

വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ഭുള്ളറുടെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന്‍ കോടതി പുന:പരിശോധിക്കുന്നത്. ഇതില്‍ കേന്ദ്രത്തിനും ഡെല്‍ഹി സര്‍ക്കാറിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.

 

ഭുള്ളര്‍ മാനസിക അസുഖങ്ങള്‍ നേരിടുന്നുവെന്ന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് പരിഗണിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. ഭുള്ളറെ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ചികിത്സിക്കുന്ന ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജനുവരി 21-ന് പുറപ്പെടുവിച്ച നിര്‍ണ്ണായകമായ ഒരു വിധിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ സര്‍ക്കാര്‍ അത്യധികമായ കാലതാമസം വരുത്തുന്നത് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് മതിയായ കാരണമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന്‍ 15 പേരുടെ വധശിക്ഷ കോടതി ജീവപര്യന്തമായി കുറക്കുകയും ചെയ്തിരുന്നു. 2003-ല്‍ സമര്‍പ്പിച്ച ഭുള്ളറുടെ ദയാഹര്‍ജി എട്ടു വര്‍ഷം വൈകി 2011-ലാണ് രാഷ്ട്രപതി തള്ളിയത്.

Tags