Skip to main content
ന്യൂഡല്‍ഹി

ak gangulyമുന്‍ സുപ്രീം കോടതി ജഡ്ജിയും പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ എ.കെ ഗാംഗുലിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണക്കേസില്‍ അന്വേഷണം ആരംഭിക്കുന്നതിനും സ്ഥാനത്ത് നിന്ന്‍ നീക്കുന്നതിനും സുപ്രീം കോടതിയുടെ നിയമോപദേശം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

 

വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിഷയത്തില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് തേടാന്‍ തീരുമാനമെടുത്തത്.  ഭരണഘടനയുടെ 143-ാം വകുപ്പനുസരിച്ച് തര്‍ക്ക വിഷയങ്ങളില്‍ രാഷ്ട്രപതിയ്ക്ക് സുപ്രീം കോടതിയുടെ നിയമോപദേശം ആവശ്യപ്പെടാം.

 

സുപ്രീം കോടതി ജഡ്ജിയായിരിക്കെ 2012 ഡിസംബറില്‍ പരിശീലാനത്തിനായി തന്റെ ഓഫീസില്‍ നിയോഗിക്കപ്പെട്ട നിയമ വിദ്യാര്‍ഥിനിയോട് ഗാംഗുലി പ്രഥമദൃഷ്ട്യാ ‘ലൈംഗികമായി അസ്വീകാര്യമായ രീതില്‍ പെരുമാറിയതായി’ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗങ്ങള്‍ അടങ്ങിയ ജഡ്ജിമാരുടെ സമിതി  കണ്ടെത്തിയിരുന്നു. ഇത് ഗാംഗുലിക്കെതിരെ കേസെടുക്കാന്‍ മതിയായ കാരണമാണോ, ആണെങ്കില്‍ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പനുസരിച്ച് സ്ഥാനത്ത് നിന്ന്‍ നീക്കാനുള്ള കാരണമാകുമോ എന്നാണ് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.

 

അറ്റോര്‍ണി ജനറല്‍ ജി.എ വഹന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് തേടാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന്‍ ഗാംഗുലിയെ നീക്കണമെന്ന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപാതയ്ക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം വഹന്‍വതിയുടെ അഭിപ്രായം തേടിയത്.

 

സംഭവത്തില്‍ കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം നടത്താമെന്നാണ് വഹന്‍വതിയുടെ ഉപദേശം. ഗാംഗുലിക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നടപടികള്‍ ആരംഭിച്ചാല്‍ സുപ്രീം കോടതി ഗാംഗുലിക്കും പെണ്‍കുട്ടിക്കും പെണ്‍കുട്ടി പറയുന്ന സാക്ഷികള്‍ക്കും ഹാജരാകാന്‍ നോട്ടീസ് അയക്കും.

Tags