Skip to main content
ന്യൂഡല്‍ഹി

പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം. വിധി സമൂഹത്തെ 1860-ലേക്ക് തിരിച്ചുകൊണ്ടു പോകുന്നതാണെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ട മന്ത്രി യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.  

 

സ്വവര്‍ഗ്ഗ രതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിര്‍വചിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 377-ാം വകുപ്പ് റദ്ദാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ 2009 ജൂലൈ 2-ലെ ഉത്തരവ് ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി അധികാര പരിധി കടന്നുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അതേസമയം, വകുപ്പ് റദ്ദാക്കാനുള്ള അധികാരം പാര്‍ലിമെന്റിനുണ്ടെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.

 

കോടതി ചൂണ്ടിക്കാട്ടിയ ഈ മാര്‍ഗ്ഗം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് താന്‍ പ്രത്യാശിക്കുന്നതായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു. നിയമ ഭേദഗതിയ്ക്ക് സമയമെടുക്കുമെന്നും എന്നാല്‍ അതിന്റെ സാധ്യത താന്‍ തള്ളിക്കളയുന്നില്ലെന്നും ചിദംബരം അറിയിച്ചു. നിയമമന്ത്രി കപില്‍ സിബലും 377-ാം വകുപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി പുന:സ്ഥാപിക്കാന്‍ എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പറഞ്ഞു.

Tags