Skip to main content
ന്യൂഡല്‍ഹി

red beacon lightഭരണഘടനാ പദവി വഹിക്കുന്നവരുടേയും വിശിഷ്ട വ്യക്തികളുടേയും വാഹനങ്ങള്‍ക്ക് മാത്രമായി ചുവന്ന ബീക്കണ്‍ ലൈറ്റ് പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനോട്‌ സുപ്രീം കോടതി. പോലീസും അടിയന്തര സേവന വാഹനങ്ങളും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കണം. എന്നാല്‍, അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഇവര്‍ സൈറണ്‍ ഉപയോഗിക്കാവൂ എന്ന്‍ കോടതി ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചു.

 

ജസ്റ്റിസ്‌ ജി.എസ് സിന്ഘ്വിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് ഉത്തരവ്. ചുവന്ന ലൈറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക കേന്ദ്രവും സംസ്ഥാനങ്ങളും മൂന്നു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ചുവന്ന ലൈറ്റ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാറുകള്‍ വി.ഐ.പി പട്ടിക വിപുലപ്പെടുത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വി.ഐ.പികളുടെ വാഹനങ്ങളിലെ സൈറണ്‍ ഒഴിവാക്കാന്‍ കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ബീക്കണ്‍ ലൈറ്റുകളും സൈറണുകളും ബ്രിട്ടീഷ് രാജിന്റെ പ്രതിഫലനമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

 

ചുവന്ന ലൈറ്റ് അഭിമാന ചിഹ്നമായി മാറിയിരിക്കുകയാണെന്നും ബീക്കണ്‍ ലൈറ്റുകളും സൈറണുകളും ദുരുപയോഗം ചെയ്യുന്നത് സാമൂഹത്തിന് ശല്യമായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വി.ഐ.പികളുടെ സുരക്ഷാ ചുമതലയിലുള്ള പോലീസുകാരെ റോഡുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കുന്നത് പോലുള്ള മെച്ചപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Tags