Skip to main content
ന്യൂഡല്‍ഹി

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയന്‍ മുന്‍ജഡ്ജി എ.കെ ഗാംഗുലിയെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി മൂന്നംഗ സമിതി ഗാംഗുലിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു. ഈ മാസം ആദ്യമാണ് നിയമവിദ്യാര്‍ത്ഥിനി കൂടിയായ യുവതി സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി തന്നെ പീഡിപ്പിച്ചെന്ന് ബ്ലോഗില്‍ എഴുതിയത്.

 

ഈ വര്‍ഷം ആദ്യമാണ് ഗാംഗുലി സര്‍വീസില്‍ നിന്നും പിരിഞ്ഞത്. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍. എന്നാല്‍ തനിക്കെതിരായ ആരോപണം ഗാംഗുലി നിഷേധിച്ചു. തനിക്ക് ഈ വിഷയവുമായി ബന്ധമില്ലെന്നും താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

2012 ഡിസംബറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപണമുന്നയിച്ചിരുന്നത്. മറ്റു മൂന്നു പെണ്‍കുട്ടികള്‍ക്ക്കൂടി മറ്റു ജഡ്ജിമാരാല്‍ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, രഞ്ജന ദേശായി തുടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.

Tags