ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് വീണ്ടും സുപ്രീം കോടതി ഉത്തരവ്. മുന്‍ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പാചകവാതക സബ്സിഡി ഉള്‍പ്പടെയുള്ളവക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി സെപ്തംബറില്‍ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ അത് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്റ് നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.
ഇപ്പോള്‍ നല്‍കുന്ന ആധാര്‍ കാര്‍ഡിന് നിയമപ്രാബല്ല്യമില്ലെങ്കില്‍പ്പിന്നെ നല്കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്നാല്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ പദ്ധതികളെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്ന് ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ആധാര്‍ കാര്‍ഡ് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.