Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ. വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ വിധി. ശനിയാഴ്ച വൈകുന്നേരം 4.30-തോടെ ചീഫ്‌ ജസ്‌റ്റീസ്‌ പി സദാശിവവും ജസ്‌റ്റീസ്‌ രഞ്‌ജനാ ദേശായിയും ഉള്‍പ്പെട്ട ബഞ്ചാണ്‌ വിധി സ്‌റ്റേ ചെയ്‌തത്‌.  

 

ഡിസംബര്‍ ആറിന് കേസ് വീണ്ടും വിശദമായി പരിശോധിക്കും. നാലാഴ്‌ചത്തേക്കാണ്‌ സ്‌റ്റേ. അറ്റോര്‍ണി ജനറലായിരുന്നു സര്‍ക്കാരിന്‌ വേണ്ടി ഹാജരായത്‌. സി.ബി.ഐ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതും അന്വേഷണം നടക്കുന്നതുമായി നിരവധി കേസുകളെ ഹൈക്കോടതി വിധി ബാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് സുപ്രീം കോടതി ഉടന്‍ തന്നെ വിധി പ്രഖ്യാപിച്ചത്.

 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2ജി കേസ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ.രാജ ഡല്‍ഹി സി.ബി.ഐ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമവിരുദ്ധ ഏജന്‍സിയുടെ കണ്ടത്തെല്‍ എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് രാജ ചോദിച്ചു. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു പുറകെയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Tags