Skip to main content
ന്യൂഡല്‍ഹി

രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപീകരണം അസാധുവെന്ന് ഗുവാഹത്തി ഹൈക്കോടതി. നിയമനിര്‍മാണത്തിലൂടെ മാത്രമെ കുറ്റാന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കാവൂ. സി.ബി.ഐയെ കുറ്റാന്വേഷണസേനയായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.  

 

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിവിധി. 2001ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നവേന്ദ്രകുമാര്‍ കോടതിയെ സമീപിച്ചത്.

 

ഹൈക്കോടതി ഉത്തരവിനെതിരെ നവംബര്‍ 11-ന് അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1963 ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ ആക്ട് പ്രകാരമാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

Tags