Skip to main content
ബെര്‍ലിന്‍

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതായി ആരോപണം. ഇതു സംബന്ധിച്ച് ഉടന്‍ വിശദീകരണം നല്‍കാന്‍ മെര്‍ക്കല്‍ ബുധനാഴ്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെട്ടു. കടുത്ത വിശ്വാസ വഞ്ചനയാണ് യു.എസ് നടത്തിയതെന്നും മെര്‍ക്കല്‍ ആരോപിച്ചു. എന്നാല്‍ ഈ വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. മെര്‍ക്കലിന്റെ ഫോണ്‍ യു.എസ് നിരീക്ഷിച്ചിട്ടില്ലെന്നും ഒരിക്കലും പരിശോധിക്കില്ലെന്നും ഒബാമ വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണി അറിയിച്ചു.  

 

റഷ്യയില്‍ ഒളിവില്‍ കഴിയുന്ന യു.എസ് ദേശീയ സുരക്ഷ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് യു.എസ് പലരാജ്യങ്ങളിലെയും നേതാക്കളുടെ ഫോണും ഇന്റര്‍നെറ്റ് സന്ദേശങ്ങളും ചോര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ന്നത്. ഫ്രഞ്ച് ദിനപ്പത്രം ലെ മോണ്ട്  കഴിഞ്ഞദിവസം യു.എസ് ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായും ആരോപിച്ചിരുന്നു. ഈ വാര്‍ത്ത യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി തലവന്‍ ജെയിംസ് ക്ലാപ്പര്‍ നിഷേധിച്ചു.