ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടക്കുന്ന മൗറീഷ്യസിലെ ദേശീയദിനാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകും. ത്രിദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച മൗറീഷ്യസിലെത്തിയ മുഖര്‍ജിയെ പ്രധാനമന്ത്രി നവീന്‍ സി. രങ്കൂലം വിമാനത്താവളത്തില്‍ സ്വീകരിച്ചു. മഹാത്മാഗാന്ധി ദണ്ഡി യാത്ര നടത്തിയ മാര്‍ച്ച് 12 ആണ് ദേശീയ ദിനമായി മൌറിഷ്യസ് ആചരിക്കുന്നത്.
മൗറീഷ്യസ് പ്രസിഡന്റ് രാജ്കേശ്വര്‍ പുര്യാഗടക്കമുള്ള നേതാക്കളുമായി സന്ദര്‍ശനവേളയില്‍ മുഖര്‍ജി കൂടിക്കാഴ്ച നടത്തും. ആരോഗ്യം വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ സുപ്രധാന ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70 ശതമാനവും ഇന്ത്യന്‍വംശജര്‍ അധിവസിക്കുന്ന മൗറീഷ്യസില്‍ നിന്നാണ് ഇന്ത്യയുടെ പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ 38 ശതമാനം വരുന്നത്.
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത്തെ വിദേശസന്ദര്‍ശനമാണിത്. കഴിഞ്ഞയാഴ്ച മുഖര്‍ജി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.