ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി, ആരാണ് കേസിലെ പ്രതികളെന്നും, ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും ചോദിച്ചു. ആരൊക്കെയാണ് മരിച്ചത്, എഫ്.ഐ.ആറില്‍ ആരുടെയൊക്കെ പേരുകളാണുള്ളത്, എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും.
കേസ് സ്വമേധയാ എടുത്തതല്ലെന്നും, അഭിഭാഷകരുടെ പരാതിക്കത്ത്, പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ രണ്ട് അഭിഭാഷകരായിരുന്നു വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം.
സംഭവത്തില്‍ ശരിയായ അന്വേഷണം നടക്കുന്നില്ല എന്നാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി, യു.പി സര്‍ക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞു. അന്വേഷണത്തിനായി കമ്മീഷന് രൂപീകരിച്ചിട്ടുണ്ടെന്നും, തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും യു.പി സര്‍ക്കാര്‍ അഭിഭാഷകന് മറുപടിയായി പറഞ്ഞു.