ഈ വര്‍ഷത്തെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് ലൈബീരിയന്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് അര്‍ഹയായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അധ്യക്ഷനായ പുരസ്കാര ജൂറിയുടെതാണ് തീരുമാനം. വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം സമ്മാനിക്കും.
ആഫ്രിക്കയില്‍ ജനാധിപത്യ രീതിയില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവര്‍. ആഫ്രിക്കയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് മാതൃകയായതിനും ലൈബീരിയയിലെ സമാധാന, ജനാധിപത്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുമാണ് എല്ലെന്‍ ജോണ്‍സണ്‍ പുരസ്കാരത്തിനര്‍ഹയായതെന്നു ഇന്ദിരാഗാന്ധി മെമോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സുമന്‍ ദുബെ പറഞ്ഞു.
2011-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം എല്ലന്‍ ജോണ്‍സണ് ലഭിച്ചിട്ടുണ്ട്. പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ഇന്ത്യയിലെത്തിയ ഇവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ബുധാനാഴ്ച കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഊര്‍ജ വിതരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യ 14.4 കോടി രൂപ ധനസഹായം നല്‍കാനും ധാരണയായി. കാര്‍ഷിക രംഗത്തും, ശാസ്ത്ര സാങ്കേതിക മേഖലയിലും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.