Skip to main content
കൊച്ചി

കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്. നേരത്തേ 107.50 രൂപ സര്‍ക്കാര്‍ മെട്രോ റെയില്‍ പദ്ധതിക്കായി നല്‍കിയിരുന്നു. ധനമന്ത്രി കെ.എം മാണിയാണ് തുക നല്‍കാന്‍ അനുമതി നല്‍കിയത്.

 

പദ്ധതിയനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 730.4 കോടി രൂപയുടെ ആവശ്യമാണുള്ളത്. ഇതുകൂടി പരിഗണിച്ചാണ് 234 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.  

 

ഇതിനിടെ കൊച്ചി മെട്രോ റെയില്‍ നിര്‍മാണം നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. റെയില്‍ നിര്‍മാണവുമായി മുന്നോട്ടു പോവാനാവില്ലെന്ന് കരാറുകാര്‍ ഡി.എം.ആര്‍.സിയെ അറിയിച്ചു. എറണാകുളം കലൂരിലെ പ്രവര്‍ത്തനങ്ങളാണ് താല്‍ക്കാലികമായി  നിര്‍ത്തി വച്ചിരിക്കുന്നത്.

 

മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ 1000 ദിവസങ്ങള്‍ ശേഷിക്കെയാണ് തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടു നിര്‍മാണം നിര്‍ത്തി വെക്കേണ്ടിവന്നത്. പ്രശ്നം ലേബര്‍ കമ്മീഷനും ഡി.എം.ആര്‍.സിയും ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.  ഇതിനു മുന്‍പും തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് മെട്രോയുടെ നിര്‍മാണം പലതവണ തടസ്സപ്പെട്ടിരുന്നു.

Tags