Skip to main content

മലയാളി നേരിടുന്ന ഒരു പൊതുരോഗമാണ് ഒരു വിഷയത്തേയും നിഷ്പക്ഷമായി സമീപിക്കാന്‍ പറ്റില്ല എന്നുള്ളത്. ജാതി, പാര്‍ട്ടി ഇതില്‍ ഏതെങ്കിലും രണ്ട് രീതിയിലൂടെ മാത്രമെ മലയാളികള്‍ക്ക് വസ്തുതകളെ കാണാന്‍ സാധിക്കുകയുള്ളൂ. ഇ ശ്രീധരന്‍ ഏതാനും ദിവസങ്ങള്‍ വരെ കേരളത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സിക്ക് നല്‍കുന്നതിന് മനുഷ്യമതില്‍ തീര്‍ത്തത് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സി ഏറ്റെടുക്കുകയും ഇ ശ്രീധരന്റെ നേതൃത്വത്തില്‍ കണ്ണടച്ചു തുറക്കും മുന്‍പെയാണ് മെട്രോ റെയിലും ഫ്‌ളൈ ഓവറുകളുമൊക്കെ നിര്‍മ്മിക്കപ്പെടുകയും ചെയ്തത്. ഏറ്റവുമൊടുവില്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിനും ശ്രീധരന്‍ തന്നെ വേണ്ടിവന്നു. ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു അതും ശ്രീധരന്‍ ഏറ്റെടുത്തത്. 5 മാസവും 10 ദിവസവും കൊണ്ടാണ് പാലാരിവട്ടം പാലം അദ്ദേഹം പുനര്‍നിര്‍മ്മിച്ചത്. കേരളത്തില്‍ അടിമുടി നിലനില്‍ക്കുന്ന അഴിമതിയുടെയും അഴിമതിയെ ഫലപ്രദമായി എങ്ങനെ നേരിടാം എന്നതിന്റെയും സ്മാരകമാണ് പാലാരിവട്ടം പാലം. 

5 മാസവും 10 ദിവസവും കൊണ്ടാണ് പാലത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്. മുന്‍പ് പാലം പണി തീര്‍ത്തപ്പോളുള്ള അവസ്ഥ എന്തായിരുന്നുവെന്ന് ഏവര്‍ക്കും അറിയാം. പുനര്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം നിര്‍മ്മാണത്തിലെ കൃത്യതകൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് നിര്‍മ്മിക്കാന്‍ സാധ്യമായത് ഊരാളുങ്കല്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ്. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡി.എം.ആര്‍.സിയുടെ നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് അതേ നിലവാരത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മാണ പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പാലം മികച്ച രീതിയില്‍ പൂര്‍ത്തിയായത്. ഒരു മടിയും കൂടാതെ ഇ ശ്രീധരന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കഴിവിനെ എടുത്ത് പറഞ്ഞിരുന്നു. ഇത്തരത്തില്‍ വൈദഗ്ദ്യവും ശേഷിയും പ്രകടിപ്പിച്ച നിര്‍മ്മാണ കമ്പനി തന്റെ അനുഭവത്തില്‍ ആദ്യമാണ് എന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ഇ ശ്രീധരന്റെ പ്രസ്ഥാവനയെ ഒരര്‍ത്ഥത്തില്‍ എതിര്‍ത്തുകൊണ്ട് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഊരാളുങ്കലിന്റെ അഴിമതിയെ കുറിച്ച് ശ്രീധരന് അറിവുണ്ടാവില്ല എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. 

ഊരാളുങ്കല്‍ സൊസൈറ്റി സി.പി.എം നേതൃത്വവും നേതാക്കളുമായി ബന്ധപ്പെട്ട സൊസൈറ്റി തന്നെയാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ അത്തരമൊരു സൊസൈറ്റിയെ എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളിടത്താണ് അഴിമതി കടന്നു വരുന്നതും അഴിമതി മാറി നില്‍ക്കുന്നതും സംഭവിക്കുന്നത് എന്നതാണ് ഇ ശ്രീധരന്റെ പ്രസ്ഥാവനയും പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മ്മാണവും സൂചിപ്പിക്കുന്നത്. നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ അഴിമതി നടപ്പാക്കരുതെന്നും എല്ലാ കാര്യത്തിലും വൈദഗ്ദ്യവും നിര്‍മ്മാണശേഷിയും പ്രകടമാകണമെന്നും നിശ്ചയിച്ച് കഴിഞ്ഞാല്‍ അത് നടപ്പിലാകുമെന്നും അതിന്റെ മികവ് ഭരണത്തില്‍ പ്രതിധ്വനിക്കുമെന്നും ഉള്ളതില്‍ യാതൊരുവിധ സംശയവുമില്ല. ഊരാളുങ്കലിലെ എന്‍ജിനീയര്‍മാരാണെങ്കിലും മറ്റ് നിര്‍മ്മാണപ്രവര്‍ത്തകര്‍ ആണെങ്കിലും ശേഷി ഉള്ളവര്‍ ആണെന്നുള്ളതാണ് ശ്രീധരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അഴിമതി മാറി നില്‍ക്കുന്നതിന് മികച്ച നേതൃത്വവും നിശ്ചയദാര്‍ഢ്യവുമാണ് വേണ്ടത്. ഏത് സാഹചര്യത്തില്‍ ആണെങ്കിലും അഴിമതി കടന്നുവരാനുള്ള അവസരങ്ങള്‍ ധാരാളമാണ്. അഴിമതിയെ മാറ്റി നിര്‍ത്തുക എന്ന നിശ്ചയദാര്‍ഢ്യത്തിലൂടെ മാത്രമെ അത് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. 

യോഗ്യതയെയാണ് ശ്രീധരന്‍ അംഗീകരിച്ചിരിക്കുന്നത്. ശ്രീധരനിലൂടെ രാജ്യം ഇതുവരെ കണ്ടിട്ടുള്ളതും കഴിവിന്റെ അല്ലെങ്കില്‍ യോഗ്യതയുടെ പ്രകടനമാണ്. കേരളത്തിലും പാലാരിവട്ടം പാലത്തിലൂടെ പ്രകടമായിരിക്കുന്നത് യോഗ്യതയുടെയും കഴിവിന്റെയും പ്രകടനമാണ്. ഇത് പലപ്പോഴും നമ്മള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ പോകുന്നു. ശ്രീധരന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ യോഗ്യതയെ അംഗീകരിച്ചപ്പോള്‍ അത് സി.പി.എം-ഊരാളുങ്കല്‍ സൊസൈറ്റി ബന്ധത്തിലൂടെ മാത്രമെ സുരേന്ദ്രന് കാണാന്‍ സാധിച്ചുള്ളൂ. ഇതേ മാനസികാവസ്ഥ തന്നെയാണ് ഇവിടുത്തെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ബുദ്ധിജീവികള്‍ക്കുമെല്ലാം ഉള്ളത്. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരാന്‍ സമ്മതിച്ച നിമിഷം മുതല്‍ അദ്ദേഹം എല്ലാവര്‍ക്കും അനഭിമതനാകുന്നു. അവിടെയും അദ്ദേഹത്തിന്റെ യോഗ്യതയെ കാണാതെ പോകുന്നു എന്നുള്ളതാണ് വസ്തുത. മനുഷ്യനെയും മനുഷ്യന്റെ ശേഷിയേയും കാണാന്‍ കഴിയാതെ വരുന്നു എന്നുള്ളതാണ് മലയാളി നേരിടുന്ന പ്രശ്‌നം. ഇത്തരത്തില്‍ കാര്യങ്ങളെ നോക്കിക്കാണുന്നത് എപ്പോള്‍ അവസാനിക്കുന്നോ അപ്പോള്‍ മാത്രമെ കേരളത്തിന്റെ ഗതി സുഗമമാകുകയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത് തന്നെ ആണെങ്കിലും യോഗ്യതയെ കാണാതെ പോകരുത്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത് ജനായത്ത സംവിധാനം തന്നെയാണ് എന്നതില്‍ സംശയമില്ല. അഴിമതിക്കുരുക്കില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതിന്റെ ഉദാഹരണമായി തന്നെയാണ് പാലാരിവട്ടം കേരളത്തിന്റെ മധ്യസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്നത്.

Tags
Ad Image