Skip to main content
Thiruvananthapuram

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു. ചാക്കിന് 30 മുതല്‍ 40 രൂപ വരെയാണ് കമ്പനികള്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രളയത്തില്‍ നിന്നും കര കയറുന്നതിനിടെ സിമന്റ് വില വര്‍ധിച്ചത് നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മതിയായ കാരണമില്ലാതെയാണ് സിമന്റ് കമ്പനികള്‍ കുത്തനെ വില് വര്‍ധിപ്പിച്ചിരിക്കുന്നത്. എ ഗ്രേഡ് കമ്പനികളെല്ലാം നാല്‍പ്പത് രൂപ വരെ വിലയുയര്‍ത്തി. രാംകോ സിമന്റിന് മൊത്തവിപണയില്‍ ചാക്കിന് 370 രൂപയായിരുന്നത് 410 രൂപയായി. 350 രൂപയായിരുന്ന ചെട്ടിനാട് സിമന്റിന്റെ വില 390 ആയി വര്‍ധിച്ചു. ശങ്കര്‍ സിമന്റിനും 40 രൂപ വരെ കൂടിയിട്ടുണ്ട്. വില വര്‍ധനവില്‍ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികള്‍.

കമ്പനികള്‍ ബില്ലു നല്‍കുന്നതിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.യഥാര്‍ത്ഥ വിലയില്‍ നിന്നും വളരെ ഉയര്‍ന്ന വില ബില്ലില്‍ രേഖപ്പെടുത്തിയാണ് കമ്പനികള്‍ വ്യാപാരികള്‍ക്ക് സിമന്റ് നല്‍കുന്നത്. ഇടക്കിടക്ക് വില വര്‍ധിപ്പിക്കുന്നതിനുള്ള സൌകര്യത്തിനാണിതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിമന്റ് വ്യാപാരികള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.