കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഇന്നലെ ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയത് കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
അനധികൃതമായി പ്രവേശനം നേടിയ കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പവേശനം ആദ്യമേ സുപ്രീം കോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന് കമ്മിറ്റിക്ക് ഇതിന്മേല് തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.
നിയമസഭ ഐകകണ്ഠ്യേനയാണ് ഇന്നലെ ഈ കോളേജുകളുടെ പ്രവേശനം അംഗീകരിച്ച് ബില്ല് പാസാക്കിയത്. വിഷയത്തില്‍ പ്രിതിപക്ഷവും സര്‍ക്കാരിന് അനുകൂല നിലപാടാണ് എടുത്തത്. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.