എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. എന്നാല്‍ കര്‍ദിനാളിനും മറ്റുമെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച് നടപടിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല.
കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ നിലപാട് എടുക്കട്ടെ. അവിടെ നിന്നും ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷൈന്‍ വര്‍ഗീസ്, മാര്ട്ടിന് പയ്യപ്പള്ളി എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.